കോട്ടയം : ട്രെയിനിൽ നിന്നും താഴെ വീണ് പരിക്കുപറ്റിയ അന്യസംസ്ഥാന സ്വദേശിയായ തീർത്ഥാടകന് രക്ഷകരായി ഗാന്ധിനഗർ പോലീസ്. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. ആന്ധ്രപ്രദേശിൽ നിന്നും ശബരിമല ദർശനിത്തിനായി വന്ന ലക്ഷ്മണൻ (42) എന്നയാളാണ് യാത്രാമദ്ധ്യേ കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ ട്രെയിനിൽ നിന്നും താഴെ വീണത്. ഫോൺ മുഖാന്തരം വിവരം ലഭിച്ചതിനെ തുടർന്ന് ഉടൻതന്നെ ഗാന്ധിനഗർ എസ്.എച്ച്.ഓ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയിൽവേ ട്രാക്കുകളിലും, സമീപത്തെ കുറ്റിക്കാടുകളിലും രാത്രിയിൽ ടോർച്ചും,മൊബൈൽ വെട്ടവും ഉപയോഗിച്ച് ശക്തമായ തിരച്ചിൽ നടത്തിയതിനെ തുടർന്ന് അടിച്ചിറ റെയിൽവേ ഗേറ്റിൽ നിന്നും 400 മീറ്ററോളം ദൂരെ റെയിൽവേ ട്രാക്കുകൾക്ക് നടുവിലായി തലയിൽ നിന്നും രക്തസ്രാവം വന്ന് ആവശ്യ നിലയിലായിരുന്ന ഇയാളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസ് സംഘം ലക്ഷ്മണനെ സ്ട്രെച്ചറിൽ എടുത്ത് റെയിൽവേ ഗേറ്റിനു സമീപം എത്തിച്ച് ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച ലക്ഷ്മണനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഒ ടി.ശ്രീജിത്ത്, എസ്.ഐ അഭിലാഷ്, എ.എസ്.ഐ പത്മകുമാർ, സി.പി.ഓ മാരായ ദിലീപ് വർമ്മ, കിരൺകുമാർ, മനീഷ്, ശ്രീനിഷ് തങ്കപ്പൻ, രതീഷ് ആർ, ഷമീം, കൺട്രോൾ റൂം വാഹനത്തിലെ എ.എസ്.ഐ രാജേഷ്, സി.പി.ഓ ജസ്റ്റിൻ എന്നിവരാണ് പരിക്കുപറ്റിയ തീർത്ഥാടകനെ രക്ഷപെടുത്തിയത്.
ശബരിമല തീർത്ഥാടകന് രക്ഷകരായി ഗാന്ധിനഗർ പോലീസ്.
Malayala Shabdam News
0