കുപ്രസിദ്ധ വനംകൊള്ളക്കാരൻ വീരപ്പൻ്റെ മരണത്തിന് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം, ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താൻ കർണാടക വനംവകുപ്പ്.
ചാമരാജ് നഗറിലെ തമിഴ്നാട്-കർണാടക അതിർത്തിയില്‍ വീരപ്പൻ ആധിപത്യം സ്ഥാപിച്ച 22 കിലോമീറ്റർ ദൂരം സഞ്ചാരികള്‍ക്കായി സഫാരി ഉടന്‍ തുടങ്ങും. വീരപ്പൻ്റെ ജന്മഗ്രാമമായ ഗോപിനാഥനില്‍ നിന്ന് ആരംഭിക്കുന്ന സഫാരി, തമിഴ്‌നാട്-കർണാടക അതിർത്തിയിലെ ഹൊഗ്ഗെനക്കല്‍ വെള്ളച്ചാട്ടത്തില്‍ അവസാനിക്കും. മുതിർന്നവർക്ക് 500 രൂപയും കുട്ടികള്‍ക്ക് 300 രൂപയുമായിരിക്കും ഫീസ്.
ബ്രിഗൻഡ് ടൂറിസത്തിന്' വിനോദസഞ്ചാരികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രണ്ട് വാഹനങ്ങളിലായി 25 പേരെ കൊണ്ടുപോകാൻ കഴിയുന്ന രീതിയിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. രാവിലെയും വൈകുന്നേരവും രണ്ട് ട്രിപ്പുകള്‍ വീതമായിരിക്കും നടത്തുക. താമസത്തിനായി ഗോപിനാഥത്ത് ടെൻ്റ് കോട്ടേജുകളും തുറന്നിട്ടുണ്ട്. ഹൊഗനക്കലില്‍ എത്തുന്ന വിനോദ സഞ്ചാരികളെ ആകർഷിക്കുമെന്നാണ് കണക്കുകൂട്ടല്‍. 2024 ജനുവരിയില്‍ 3,500 വിനോദസഞ്ചാരികളും മാർച്ചില്‍ 9,381 വിനോദസഞ്ചാരികളും ഹോഗ്ഗെനക്കല്‍ വെള്ളച്ചാട്ടത്തിലെത്തി. ബന്ദിപ്പൂർ, കെ ഗുഡി, പിജി പാല്യ, അജ്ജിപുര, ഗോപിനാഥം എന്നിവയ്ക്കുശേഷം ആറാമത്തേതാണ് ഹൊഗ്ഗെനക്കലിലെ പുതിയ സഫാരി.