മഹാകുംഭമേളയില്‍ തിക്കുംതിരക്കും; 15 മരണം, നിരവധിപേര്‍ക്ക് പരിക്ക്.


മഹാകുംഭമേളയിലെ പ്രധാന ചടങ്ങായ മൗനി അമാവാസി ആചരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 15 മരണം.

നിരവധി പേർക്ക് പരിക്കേറ്റതായാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. മൗനി അമാവാസിയിലെ അമൃത്‌ സ്നാൻ നിർവഹിക്കാനെത്തിയവരാണ് ദുരന്തത്തില്‍ പെട്ടത്. അഭൂതപൂർവമായ തിരക്കാണുണ്ടായത്. സംഭവത്തില്‍ വിശദാംശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ന് പുലർച്ചെ 1.30ഓടെയാണ് സംഭവം. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. തിരക്കിനിടിയില്‍പ്പെട്ട് നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ശ്വാസതടസം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അപകടമുണ്ടായ ഉടൻ തന്നെ ആംബുലൻസുകള്‍ അയക്കുകയും ഒട്ടേറെപേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍, അമാവാസി ചടങ്ങ് ദിവസത്തെ അമൃത സ്നാനം ഉപേക്ഷിച്ചതായി അഖില ഭാരതീയ അഖാഡ പരിഷത്ത് പ്രസിഡന്റ് മഹന്ദ് രവീന്ദ്ര പുരി അറിയിച്ചു.

Previous Post Next Post