കുറവിലങ്ങാട് : ഐസ്ക്രീം കച്ചവടക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഉഴവൂർ നെടുമ്പാറ ഭാഗത്ത് കുളക്കാട്ട് വീട്ടിൽ ജോബ്സൺ (25) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി ഉഴവൂർ പള്ളി ഭാഗത്ത് ഐസ്ക്രീം കച്ചവടം നടത്തിവന്നിരുന്ന ഉഴവൂർ സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, കയ്യിൽ കരുതിയിരുന്ന സ്റ്റീൽ വളകൊണ്ട് തലയിലും, മുഖത്തും ആക്രമിക്കുകയുമായിരുന്നു. ജോബ്സനെതിരായുള്ള കഞ്ചാവ് കേസിൽ യുവാവ് സാക്ഷി പറഞ്ഞതിലുള്ള വിരോധം മൂലമാണ് ഇയാളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ അജീബ്.ഇ, എസ്.ഐ മാരായ മഹേഷ് കുമാർ, ജെയ്സൺ അഗസ്റ്റിൻ, എ.എസ്.ഐ ബൈജു, സി.പി.ഒ ജോജി വർഗീസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കുറവിലങ്ങാട്, മരങ്ങാട്ടുപള്ളി എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഐസ്ക്രീം കച്ചവടക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഉഴവൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ
Malayala Shabdam News
0