മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്തയില്‍ പ്രതികരിച്ച് കായംകുളം എംഎല്‍എ യു പ്രതിഭ. വാർത്ത വ്യാജമാണെന്ന് യു പ്രതിഭ എംഎല്‍എ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
മകൻ സുഹൃത്തുക്കളുമായി ചേർന്ന് ഇരുന്നപ്പോള്‍ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും യു പ്രതിഭ പറഞ്ഞു.
വാർത്ത വന്നതു മുതല്‍ നിരവധി ഫോണ്‍ കോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. സ്വാഭാവികമായും ശത്രുക്കളുണ്ട്. മകനും സുഹൃത്തുക്കളും ചേർന്നിരിക്കുമ്ബോള് എക്സൈസുകാർ വന്ന് ചോദ്യം ചോദിച്ചു. ഇപ്പോള്‍ വാർത്തകള്‍ വരുന്നത് മകനെ കഞ്ചാവുമായി പിടിച്ചു എന്നാണ്. ഒരാള്‍ എംഎല്‍എ ആയതും പൊതുപ്രവർത്തകയായതു കൊണ്ടും ഇത്തരം വാർത്തകള്‍ക്ക് മൈലേജ് കിട്ടും. വാർത്ത ശരിയാണെങ്കില്‍ ഞാൻ നിങ്ങളോട് മാപ്പ് പറയാം. നേരെ തിരിച്ചാണേങ്കില്‍ പരസ്യമായി മാധ്യമങ്ങള്‍ മാപ്പ് പറയണമെന്നും പ്രതിഭ എംഎല്‍എ പറയുന്നു. ആരും തെറ്റായ വഴിയില്‍ പോകരുതെന്ന് ആഗ്രഹിക്കുന്ന അമ്മയാണ് ഞാനും. എന്റെ മകൻ പോവരുതെന്ന് പറയാൻ മാത്രമേ എനിക്ക് കഴിയൂ. ആ വഴി തേടുന്നതും പോവാതിരിക്കുന്നതും മറ്റുള്ളവരുടെ ഉത്തരവാദിത്തമാണെന്നും പ്രതിഭ പറഞ്ഞു..
എംഎല്‍എയുടെ മകൻ കനിവ് ഉള്‍പ്പെടെ ഒൻപത് യുവാക്കളെ തകഴിയില്‍ നിന്നാണ് കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. ആളൊഴിഞ്ഞ ഭാഗത്ത് നിന്ന് കഞ്ചാവ് വലിക്കുമ്ബോഴാണ് ഇവർ പിടിയിലായത്. യുവാക്കള്‍ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘം മഫ്തിയില്‍ എത്തിയത്. പരിശോധനയില്‍ ഇവരില്‍ നിന്ന് മൂന്നു ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ചട്ടം 27B വകുപ്പ് പ്രകാരമാണ് എംഎല്‍എയുടെ മകനടക്കം ഉള്ളവർക്കെതിരെ എക്സൈസ് കേസെടുത്തത്. ജാമ്യം കിട്ടുന്ന വകുപ്പാണ് ചുമത്തിയിരുന്നത്. പൊതു സ്ഥലത്ത് ഇരുന്ന് പരസ്യമായി കഞ്ചാവ് വലിച്ചുവെന്നാണ് കേസ്. കുപ്പിയില്‍ വെള്ളം നിറച്ച് കഞ്ചാവ് ഇട്ട് കുഴലുപയോഗിച്ച് വലിക്കുന്ന സംവിധാനവും (ബോങ്ങ് ) ഇവരില്‍ നിന്ന് കണ്ടെടുത്തതായി എക്സൈസ് അറിയിച്ചു. അതേസമയം, 3 ഗ്രാം കഞ്ചാവ് മാത്രമാണ് ഇവരില്‍ നിന്ന് കണ്ടെത്തിയതെന്ന് എക്സൈസ് വ്യക്തമാക്കി. കസ്റ്റഡിയില്‍ എടുത്ത യുവാക്കളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.