എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം; ഒന്നിച്ച്‌ ജീവിക്കാനായത് വെറും പതിനഞ്ച് ദിവസം; മധുവിധു കഴിഞ്ഞ് തിരികെയെത്തും വഴി അപകടം വീടെത്തുന്നതിന് 7 കി.മീ മുമ്ബ്; കണ്ണീര്‍ക്കടലായി നിഖിലിന്റേയും അനുവിന്റേയും വീട്.


വലിയൊരു ആഘോഷത്തിന്റെ അലയടികള്‍ അവസാനിക്കും മുൻപ് തന്നെ ആ വീട്ടിലേക്ക് കയറിവന്നത് നാലുപേരുടെ മരണത്തിന്റെ വാർത്തയാണ്.

എട്ടുവർഷം നീണ്ടുനിന്ന പ്രണയത്തിനു ഒടുവില്‍ വിവാഹിതരായവർക്ക് ഒന്നിച്ച്‌ ജീവിക്കാൻ കഴിഞ്ഞത് വെറും രണ്ടാഴ്ചകള്‍ മാത്രമാണ്. വിവാഹശേഷം മലേഷ്യയില്‍ ഹണിമൂണ്‍ ആഘോഷിക്കാൻ പോയവർ തിരികെ വീട്ടിലെത്തിയില്ല. വരുന്ന വഴിക്ക് പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കലഞ്ഞൂർ മുറിഞ്ഞകല്ലില്‍ ശബരിമല തീർഥാടകരുടെ ബസ്സിലേക്ക് കാർ ഇടിച്ചു കയറി ഉണ്ടായ അപകടത്തിലാണ് ദമ്ബതികള്‍ ഉള്‍പ്പെടെ നാല് പേർ മരിച്ചത്. സ്വീകരിക്കാനായി പോയ രണ്ടുപേരുടെയും പിതാക്കന്മാരും അപകടത്തില്‍ മരിച്ചു.

മല്ലശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖില്‍, ബിജു പി.ജോർജ് എന്നിവരാണ് മരിച്ചത്. അനുവിന്റെ പിതാവാണ് ബിജു. നിഖിലിന്റെ പിതാവാണ് മത്തായി ഈപ്പൻ. നവംബർ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. മലേഷ്യയില്‍നിന്ന് എത്തുന്ന മക്കളെ സ്വീകരിക്കാൻ ഒരുമിച്ച്‌ പോകാമെന്ന് മത്തായി ഈപ്പനും ബിജുവും തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം മക്കളെ അറിയിച്ചിരുന്നു. രാത്രിയാണ് ഇരുവരും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയത്. വീട്ടിലെത്തിയശേഷം ബന്ധുക്കളുടെ വീടുകള്‍ സന്ദർശിക്കാനിരിക്കുകയായിരുന്നു നിഖിലും അനുവും. വീട് എത്തുന്നതിന് 7 കിലോമീറ്റർ മുൻപ് അപകടം സംഭവിച്ചു.

അമിതവേഗത്തില്‍ എത്തിയ കാര്‍ തെലങ്കാനയില്‍ നിന്നുള്ള ശബരിബല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. അനുവിന്റെ അച്ഛന്‍ ബിജു ആണ് കാര്‍ ഓടിച്ചിരുന്നത്. അനുവിന്റെ പിതാവ് ബിജു പി. ജോര്‍ജും നിഖിലിന്റെ പിതാവ് ഈപ്പന്‍ മത്തായിയുമായിരുന്നു കാറിന്റെ മുന്‍സീറ്റില്‍ ഉണ്ടായിരുന്നത്. പിന്‍ സിറ്റിലായിരുന്നു നിഖിലും അനുവും. മൂന്നു പേര്‍ സംഭവസ്ഥലത്ത് വെച്ച്‌ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനു മരിച്ചത്.

ബസിന്റെ വലതു വശത്തേക്കാണ് കാർ ഇടിച്ചു കയറിയത്. ശബ്ദം കേട്ട് അടുത്തുള്ള വീട്ടുകാരാണ് ഓടിയെത്തിയത്. ഉടൻ തന്നെ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. കാറിന്റെ നാല് ഡോറുകളും തുറക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. അനുവിന് മാത്രമാണ് ശ്വാസം ഉണ്ടായിരുന്നത്. മറ്റ് മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അനുവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രിയില്‍. മറ്റു മൂന്നുപേരുടെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലാണ്.

Previous Post Next Post