'കോൺ​ഗ്രസ് എംപിയുടെ സീറ്റിൽ 500 ന്റെ നോട്ടുകെട്ടുകൾ', അന്വേഷണത്തിന് ഉത്തരവിട്ടതായി രാജ്യസഭ അധ്യക്ഷൻ; നിഷേധിച്ച് മനു അഭിഷേക് സിങ് വി

ന്യൂഡല്‍ഹി: രാജ്യസഭയില്‍ കോണ്‍ഗ്രസ് എംപിയുടെ സീറ്റില്‍ നിന്നും പാര്‍ലമെന്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നോട്ടുകെട്ടുകള്‍ പിടിച്ചെടുത്തതായി രാജ്യസഭ അധ്യക്ഷന്‍. സംഭവത്തില്‍ രാജ്യസഭ ചെയര്‍മാനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കോണ്‍ഗ്രസ് അംഗം മനു അഭിഷേക് സിങ് വിക്ക് അനുവദിച്ചിട്ടുള്ള 222 -ാം നമ്പര്‍ ഇരിപ്പിടത്തിലാണ് നോട്ടു കെട്ടുകള്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച സഭ പിരിഞ്ഞശേഷം നടത്തിയ പതിവു പരിശോധനയിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസ് എംപി മനു അഭിഷേക് സിങ് വിക്ക് അനുവദിച്ച സീറ്റില്‍ നിന്നും നോട്ടുകെട്ടുകള്‍ കണ്ടെടുത്തത്. ഇക്കാര്യം ഉദ്യോഗസ്ഥര്‍ തന്നെ അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് താന്‍ നിര്‍ദേശം നല്‍കി. അന്വേഷണം തുടരുകയാണെന്നും, ഇന്നു രാവിലെ സഭ സമ്മേളിച്ചപ്പോള്‍ ജഗ്ദീപ് ധന്‍കര്‍ അറിയിച്ചു.

ധന്‍കറിന്റെ പ്രസ്താവനയെത്തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് നി​ഗമനത്തിലെത്തുന്നത് ഉചിതമല്ലെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ആരോപണങ്ങള്‍ മനു അഭിഷേക് സിങ് വി നിഷേധിച്ചു. തന്റെ കയ്യില്‍ ആകെ 500 രൂപയുടെ ഒരു നോട്ട് മാത്രമാണ് ഉണ്ടായിരുന്നതെന്ന് സിങ് വി പറഞ്ഞു. സംഭവത്തെപ്പറ്റി ആദ്യമായിട്ടാണ് കേള്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ ഉച്ചയ്ക്ക് 12.57 നാണ് സഭയിലെത്തിയത്. ഒരു മണിക്ക് സഭ പിരിഞ്ഞു. വെറും മൂന്നു മിനിറ്റ് മാത്രമാണ് ഇന്നലെ സഭയിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് ഒന്നര വരെ അയോധ്യ എംപി അവധേഷ് പ്രസാദിനൊപ്പം പാര്‍ലമെന്റ് കാന്റീനിലുണ്ടായിരുന്നു. 1.30 നാണ് പാര്‍ലമെന്റില്‍ നിന്നും പോയതെന്നും മനു അഭിഷേക് സിങ് വി പറയുന്നു. സംഭവത്തില്‍ അന്വേഷണം വേണം. ആള്‍ക്കാര്‍ക്ക് ഏതു സീറ്റില്‍ എന്തും വയ്ക്കാന്‍ പറ്റുമെന്ന സ്ഥിതി അന്വേഷിക്കേണ്ടതാണെന്നും മനു അഭിഷേക് സിങ് വി പറഞ്ഞു.

വിഷയത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ സഭയില്‍ ബഹളമുണ്ടായി. സംഭവം രാജ്യസഭയ്ക്ക് അപമാനമാണെന്ന് ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയും രാജ്യസഭാ നേതാവുമായി ജെ പി നഡ്ഡ അഭിപ്രായപ്പെട്ടു. അന്വേഷണം നടക്കുന്നതിനാല്‍ എംപിയുടെ പേര് വെളിപ്പെടുത്തരുതെന്ന ഖാര്‍ഗെയുടെ ആവശ്യം കേന്ദ്രമന്ത്രി കിരണ്‍ റിജിജു തള്ളി. സീറ്റ് നമ്പറും എംപിയുടെ പേരും ചൂണ്ടിക്കാണിച്ചതില്‍ എന്താണ് തെറ്റ്?. പാര്‍ലമെന്റില്‍ നോട്ടുകെട്ടുകള്‍ കൊണ്ടുപോകുന്നത് ഉചിതമാണോ?. ശരിയായ അന്വേഷണം നടത്തണം. കേന്ദ്രമന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടു.

Previous Post Next Post