ജയന്റ് വീലില്‍ നിന്നും വീണു, ഇരുമ്പ് കമ്പിയില്‍ മുറുകെ പിടിച്ച് 60 അടി ഉയരത്തില്‍, 13 കാരിയെ രക്ഷിച്ച് ഓപ്പറേറ്റര്‍

ലഖ്‌നൗ: ജയന്റ് വീലിലെ ഇരുമ്പു കമ്പിയില്‍ 60 അടി ഉയരത്തില്‍ തൂങ്ങിക്കിടക്കുന്ന പെണ്‍കുട്ടി. മനസാന്നിധ്യം വിടാതെ ഒരു മിനിറ്റ് സമയത്തിനുള്ളില്‍ 13 കാരിയുടെ ജീവന്‍ രക്ഷിച്ച് ജയന്റ് വീല്‍ ഓപ്പറേറ്റര്‍. ലഖിംപുര്‍ ഖേരിയിലെ രാകെഹ്തി ഗ്രാമത്തിലാണ് സംഭവം.

ബുധനാഴ്ച രാത്രിയാണ് സംഭവം. ജയന്റ് വീലില്‍ വീട്ടുകാര്‍ക്കൊപ്പം കയറിയ പെണ്‍കുട്ടി മുകളിലെത്തിയപ്പോള്‍ ഭയന്നു. ക്യാബിനുള്ളില്‍ നിന്ന് പുറത്തേക്ക് വീഴുകയും ചെയ്തു. വീണെങ്കിലും ഇരുമ്പ് കമ്പിയില്‍ പിടിച്ച് തൂങ്ങിക്കിടന്നു. അപകടം മനസിലാക്കിയ ഓപ്പറേറ്റര്‍ സാവധാനത്തില്‍ ജയന്റ് വീല്‍ ചലിപ്പിച്ചു. അതുവരെ ഇരുമ്പ് കമ്പിയില്‍ മുറുക്കെ പിടിച്ച് പെണ്‍കുട്ടി കിടന്നു.

ഒടുവില്‍ പെണ്‍കുട്ടിയെ സുരക്ഷിതമായി താഴെയെത്തിക്കാന്‍ സാധിച്ചു. ജയന്റ് വീല്‍ പ്രവര്‍ത്തിപ്പിക്കാന്‍ മുന്‍കൂട്ടി അനുമതി വാങ്ങിയിരുന്നില്ലെന്ന് യുപി പൊലീസ് വ്യക്തമാക്കി. അനുമതിയില്ലാതെയെങ്ങനെയാണ് ജയന്റ് വീല്‍ പ്രവര്‍ത്തിപ്പിച്ചതെന്ന് അന്വേഷണം നടത്തുമെന്നും സബ്ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് നിഗം പറഞ്ഞു. നിലവില്‍ പെണ്‍കുട്ടി സുരക്ഷിതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Previous Post Next Post