ഈ ആഴ്ച ഒടിടിയില്‍ റിലീസുകളുടെ ചാകരയാണ്. തമിഴിലും ഹിന്ദിയിലും മലയാളത്തിലുമായി നിരവധി സിനിമകളാണ് റിലീസിനെത്തുന്നത്. സൂപ്പര്‍ഹിറ്റായി മാറിയ അമരന്‍ ഇതിനോടകം സ്ട്രീമിങ് ആരംഭിച്ചുകഴിഞ്ഞു. സൂര്യയുടെ കങ്കുവയും ആലിയയുടെ ജിഗ്ര ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ റിലീസിന് എത്തുകയാണ്.
1. കങ്കുവ
സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമാണ് കങ്കുവ. ബോബി ഡിയോളാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയത്. വന്‍ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് തിയറ്ററില്‍ വലിയ മുന്നേറ്റം നടത്താനായില്ല. ഇപ്പോള്‍ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ആമസോണ്‍ പ്രൈമിലൂടെ ഡിസംബര്‍ എട്ടിനാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്.
2. ജിഗ്ര
ആലിയ ഭട്ട് മുഖ്യ വേഷത്തിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം. വിദേശത്ത് ജയിലിലാവുന്ന സഹോദരനെ രക്ഷിക്കാനായി ഇറങ്ങിപ്പുറപ്പെടുന്ന സഹോദരിയുടെ കഥയാണ് ചിത്രത്തില്‍ പറഞ്ഞത്. വേദാങ്ക് റെയ്‌ന, ആദിത്യ നന്ദ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നെറ്റ്ഫ്‌ളിക്‌സിലൂടെ ഡിസംബര്‍ ആറ് മുതല്‍ ചിത്രം സ്ട്രീം ചെയ്യും.
3. അമരന്‍
ബോക്‌സ് ഓഫിസില്‍ വമ്പന്‍ വിജയം നേടിയ ചിത്രമാണ് ശിവകാര്‍ത്തികേയന്റെ അമരന്‍. സൈനിക ഉദ്യോഗസ്ഥനായ മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതമാണ് ചിത്രത്തില്‍ പറഞ്ഞത്. സായി പല്ലവിയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചു.
4. ഫാമിലി
വിനയ് ഫോര്‍ട്ടിനെ നായകനാക്കി ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. വിവിധ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് ചിത്രം ഈ വര്‍ഷം ഫെബ്രുവരി 22ന് തിയറ്ററിലെത്തിയത്. ദിവ്യ പ്രഭയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. മനോരമ മാക്‌സിലൂടെ ഡിസംബര്‍ ആറിന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. വൈകാതെ അമസോണ്‍ പ്രൈം വിഡിയോയിലും എത്തും.
5. വിക്കി വിദ്യാ കാ വോ വാല വിഡിയോ
രാജ്കുമാര്‍ റാവുവും ത്രിപ്തി ദിമ്രിയും ഒന്നിച്ച കോമഡി ഡ്രാമ. യുവദമ്പതിമാരുടെ സ്വകാര്യ വിഡിയോ അബദ്ധത്തില്‍ മറ്റൊരാളുടെ കയ്യില്‍ അകപ്പെടുന്നതും അത് തിരിച്ചുപിടിക്കാനുള്ള രസകരമായ ശ്രമങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. വിജയ് റാസ്, മല്ലിക ഷരാവത്ത്, മസ്ത് അലി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
6. അഗ്നി
അഗ്നിസുരക്ഷാ സേനാംഗങ്ങളുടേയും പൊലീസ് ഉദ്യോഗസ്ഥരുടേയും ജീവിതം പറയുന്ന ചിത്രം. പ്രതിക് ഗാന്ധി, ദിവ്യേന്ദു ശര്‍മ, ജിതേന്ദ്ര ജോഷി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ആമസോണ്‍ പ്രേം വിഡിയോയിലൂടെ ഡിസംബര്‍ ആറിന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.