കൂടുതല്‍ വോട്ട് കിട്ടിയാലും പ്രസിഡന്റാകണമെന്നില്ല, സങ്കീര്‍ണ രീതി; അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഇങ്ങനെ



സാധാരണഗതിയില്‍ കൂടുതല്‍ വോട്ട് കിട്ടുന്നവര്‍ ഭരണതലപ്പത്തേക്ക് എത്തുന്നതാണ് തെരഞ്ഞെടുപ്പ് പതിവ്. ഇതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് അമേരിക്കയുടെ തെരഞ്ഞെടുപ്പ് രീതികള്‍. ലോകത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണതയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയുള്ള രാജ്യങ്ങളിലൊന്നാണ് യുഎസ്. കൂടുതല്‍ വോട്ട് കിട്ടുന്നയാള്‍ തന്നെ തെരഞ്ഞെടുക്കപ്പെടണമെന്ന് നിര്‍ബന്ധമില്ലെന്നതാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയും സങ്കീര്‍ണതയും.

1. എന്നാണ് തെരഞ്ഞെടുപ്പ്?

നാല് വര്‍ഷം കൂടുമ്പോഴാണ് അമേരിക്കയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബറിലെ ആദ്യ ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ് നടത്തുക. 1845ലെ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ ഡേ ആക്ട് പ്രകാരമാണ് ഈ ദിവസം തെരഞ്ഞെടുപ്പ് നടത്തുന്നത്. 180 വര്‍ഷം മുമ്പുള്ള തീരുമാനമാണിത്. അന്ന് അമേരിക്കയിലെ കര്‍ഷകര്‍ അടക്കമുള്ള ഗ്രാമീണ ജന പോളിങ് നടക്കുന്ന സ്ഥലങ്ങളിലേയ്ക്ക് എത്തി തിരിച്ച് അവരവരുടെ വീടുകളില്‍ എത്താനുള്ള സൗകര്യം കണക്കാക്കിയാണ് ചൊവ്വാഴ്ച തെരഞ്ഞെടുത്തത്. ബുധനാഴ്ച അമേരിക്കയിലെ കര്‍ഷകര്‍ക്ക് വിപണി ദിവസമാണ്. നവംബറിന്റെ തുടക്കത്തിലാണ് വിളവെടുപ്പ് സമയം. ഈ സമയം കണക്കാക്കാക്കിയാണ് നവംബര്‍ മാസം തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്.

പൊതു തെരഞ്ഞെടുപ്പിലൂടെ വോട്ട് ചെയ്ത് നേരിട്ട് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന രീതിയല്ല ഇവിടെയുള്ളത്. ഓരോ സംസ്ഥാനവും ഏത് പാര്‍ട്ടിക്ക് അല്ലെങ്കില്‍ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന അഭിപ്രായമാണ് പൊതുതെരഞ്ഞെടുപ്പിലൂടെ അറിയാന്‍ കഴിയുക. ഇലക്ടറല്‍ കോളജിലൂടെയാണ് അമേരിക്കയുടെ പ്രസിഡന്റ് ആരാകണമെന്ന് തീരുമാനിക്കുന്നത്. ഇങ്ങനെ അഭിപ്രായം ആരാഞ്ഞശേഷം കൂടുതല്‍ പിന്തുണ ലഭിക്കുന്ന പാര്‍ട്ടി ഇലക്ടറല്‍മാരെ നിയമിക്കുന്നു. എല്ലാം സംസ്ഥാനത്തേയും ഇലക്ടറല്‍ കോളജ് അംഗങ്ങള്‍ ചേര്‍ന്ന് പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും തെരഞ്ഞെടുക്കുന്നു.

അമേരിക്കന്‍ പാര്‍ലമെന്റ് യുഎസ് കോണ്‍ഗ്രസ് എന്നാണ് അറിയപ്പെടുന്നത്. ജനപ്രതിനിധി സഭ, സെനറ്റ് എന്നിങ്ങനെ രണ്ട് സഭകളാണ് യുഎസ് കോണ്‍ഗ്രസിനുള്ളത്. 50 സംസ്ഥാനങ്ങളില്‍ നിന്നായി 435 അംഗങ്ങളാണ് ജനപ്രതിനിധിസഭയിലുള്ളത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും രണ്ട് വീതം സെറ്റര്‍മാരും ഉണ്ടാകും. ആകെ 100 സെനറ്റര്‍മാര്‍. 538 ഇലക്ടര്‍മാരുമുണ്ടാകും. 270 ആണ് കേവലഭൂരിപക്ഷം. ഓരോ സംസ്ഥാനത്തും ജനസംഖ്യക്ക് ആനുപാതികമായാണ് ഇലക്ടറല്‍മാരെ നിയമിക്കുന്നത്.

ഏഴ് സ്വിങ് സ്‌റ്റേറ്റുകളാണ് യുഎസ് ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്നത്. മറ്റ് സ്‌റ്റേറ്റുകളെല്ലാം തന്നെ പാരമ്പര്യമായി രണ്ടിലൊരു പാര്‍ട്ടിയെ പിന്തുണക്കുന്നവരാണ്. എന്നാല്‍ സ്വിങ് സ്റ്റേറ്റുകളില്‍ ചാഞ്ചാട്ടമുണ്ടാകും. അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നീ ഏഴ് സംസ്ഥാനങ്ങളാണ് സ്വിങ് സ്‌റ്റേറ്റുകള്‍. ഇവിടെയാണ് പോരാട്ടം.

മൂന്ന് സംവിധാനങ്ങള്‍ വോട്ടിങിനായി ഉപയോഗിക്കാം. കൈമുദ്ര പതിപ്പിക്കുന്ന പേപ്പര്‍ ബാലറ്റുകള്‍ തന്നെയാണ് അമേരിക്കയില്‍ ഏറെ പ്രചാരമുള്ള വോട്ടിങ് സംവിധാനം. ബാലറ്റ് മാര്‍ക്കിങ് ഡിവൈസസ് സംവിധാനമാണ് രണ്ടാമത്തെ രീതി. കംപ്യൂട്ടറൈസ്ഡ് സംവിധാനമാണ് ബിഎംഡി. ഡയറക്ട് റെക്കോര്‍ഡിങ് ഇലക്ട്രോണിക് സംവിധാനമാണ് മൂന്നാമത്തെ രീതി. ഇന്ത്യന്‍ വോട്ടിങ് മെഷീനുകള്‍ക്ക് ഏകദേശം സമാനമാണിത്. ബട്ടണ്‍ രൂപത്തിലും ടച്ച് സ്‌ക്രീനിലും ഡിആര്‍ഇ ലഭ്യമാണ്.

ഒപ്റ്റിക്കല്‍ സ്‌കാനറുകള്‍ ഉപയോഗിച്ചാണ് പേപ്പര്‍ ബാലറ്റുകള്‍ എണ്ണി തിട്ടപ്പെടുത്തുന്നത്. ശേഷം, ഇത് കംപ്യൂട്ടര്‍ ഉപയോഗിച്ച് അന്തിമ പട്ടിക തയ്യാറാക്കുന്നു. ഒപ്റ്റിക്കല്‍ സ്‌കാനറുകള്‍ ഉപയോഗിച്ചാണ് പേപ്പര്‍ ബാലറ്റുകള്‍ എണ്ണി തിട്ടപ്പെടുത്തുന്നത്. ശേഷം, ഇത് കംപ്യൂട്ടര്‍ ഉപയോഗിച്ച് അന്തിമ പട്ടിക തയ്യാറാക്കുന്നു. ഡിസംബര്‍ 17ന് 538 ഇലക്ടര്‍മാരും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യും. 2025 ജനുവരി ആറിന് ഈ വോട്ടുകള്‍ അമേരിക്കന്‍ കോണ്‍ഗ്രസിന് മുന്‍പാകെ എണ്ണിത്തിട്ടപ്പെടുത്തും. സെനറ്റ് അദ്ധ്യക്ഷനാകും രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിച്ച് വോട്ട് പ്രഖ്യാപിക്കുക. ജനുവരി 20ന് പുതിയ പ്രസിഡന്റ് ഔദ്യോഗികമായി ചുമതലയേല്‍ക്കും. പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിന് പിന്നാലെ ഇലക്ടറല്‍ കോളജ് പിരിച്ചുവിടും.

Previous Post Next Post