നിയമപരമായി വിവാഹം കഴിക്കാത്തവരുടെ കുട്ടികള്‍ക്കും ജനന രജിസ്‌ട്രേഷന്‍ ചെയ്യാം: ഹിമാചല്‍പ്രദേശ് ഹൈക്കോടതി



ഷിംല: നിയമപരമായി വിവാഹം കഴിക്കാത്ത ദമ്പതികള്‍ക്ക് ഉണ്ടാകുന്ന കുട്ടികള്‍ക്ക് ജനന രജിസ്‌ട്രേഷന്‍ നിഷേധിക്കാനാവില്ലെന്ന് ഹിമാചല്‍പ്രദേശ് ഹൈക്കോടതി. നിയമത്തിന്റെ പവിത്രതയില്ലാത്ത ബന്ധത്തില്‍ നിന്നുള്ള കുട്ടികളുടെ ജനനം അത്തരം ബന്ധത്തില്‍ നിന്ന് സ്വതന്ത്രമായി പരിഗണിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ജ്യോത്സന റേവല്‍ ദുവ പറഞ്ഞു

മാതാപിതാക്കള്‍ തമ്മിലുള്ള ബന്ധം നിയമപ്രകാരം അംഗീകരിക്കണമെന്നില്ല. എന്നാല്‍ അത്തരം ബന്ധത്തില്‍ ഒരു കുട്ടിയുടെ ജനനം മാതാപിതാക്കളുടെ ബന്ധത്തില്‍ നിന്ന് സ്വതന്ത്രമായി കാണേണ്ടതുണ്ട്. അങ്ങനെയുള്ള ബന്ധത്തില്‍ ജനിക്കുന്ന കുട്ടി നിരപരാധിയാണ്. നിയമപരമായ വിവാഹത്തെത്തുടര്‍ന്ന് ജനിക്കുന്ന ഒരു കുട്ടിക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും നിയമപരമല്ലാത്ത ബന്ധത്തില്‍ ഉണ്ടാകുന്ന കുട്ടിക്കും അര്‍ഹതയുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികള്‍ക്ക് വേണ്ടി ഒരു സ്ത്രീ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഈ കുട്ടികളുടെ മാതാപിതാക്കള്‍ 2011ലാണ് വിവാഹം കഴിച്ചത്. എന്നാല്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. നിയമപരമായ വിവാഹം അല്ലാത്തതിനാല്‍ കുട്ടികളുടെ പേരുകള്‍ ജനന രജിസ്റ്ററില്‍ രേഖപ്പെടുത്താന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി സമയബന്ധിതമായി കുട്ടികളുടെ പേരുകള്‍ രേഖകളില്‍ ചേര്‍ക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് നിര്‍ദേശിച്ചു.

Previous Post Next Post