വീണ്ടും ഫൈനലിൽ വീണ് ദക്ഷിണാഫ്രിക്ക; വനിതാ ടി20 കിരീടം ചൂടി ന്യൂസിലൻഡ്



ദുബായ്: ട്വന്റി20 വനിതാ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ന്യൂസീലൻഡിന് കന്നിക്കിരീടം. 32 റൺസിനായിരുന്നു ന്യൂസിലൻഡിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 20 ഓവറിൽ അഞ്ച് വിക്കറ്റിന് 158 റൺസ് നേടി. തുടർന്ന് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ ഒൻപതിന് 126 റൺ‌സ് എടുക്കാനെ സാധിച്ചുള്ളൂ.

38 പന്തിൽ 43 റൺസെടുത്ത അമേലിയ കെറാണ് കിവീസിന്റെ ടോപ് സ്കോറർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ജോര്‍ജിയ പ്ലിമ്മര്‍ (9) തുടക്കത്തില്‍ മടങ്ങി. പിന്നീടെത്തിയ അമേലിയ കെറും സുസി ബെറ്റ്സും (32) ചേർന്ന് 37 റൺസ് കൂട്ടിച്ചേർത്തു. ബേറ്റ്‌സ് എട്ടാം ഓവറില്‍ മടങ്ങി. ക്യാപ്റ്റന്‍ സോഫി ഡിവൈനിന് (6) തിളങ്ങാനായില്ല. തുടര്‍ന്ന് എത്തിയ ബ്രൂക്ക് ഹാലി ഡേയുമായി ചേർന്ന് കേർ മികച്ച ടോട്ടലിലേക്ക് ന്യൂസിലൻഡിനെ എത്തിക്കുകയായിരുന്നു. 57 റണ്‍സാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. മാഡി ഗ്രീന്‍ (12), ഇസബെല്ല ഗേസ് (3) പുറത്താവാതെ നിന്നു.

മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കം ലഭിച്ചിട്ടും അതു മുതലെടുക്കാൻ ദക്ഷിണാഫ്രിക്കയ്ക്കു സാധിച്ചില്ല. ഓപ്പണർമാരായ ക്യാപ്റ്റൻ ലോറ വോൽവാഡും (27 പന്തിൽ 33), തസ്മിൻ ബ്രിറ്റ്സും (18 പന്തിൽ 17) നല്ല തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്കു നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ 51 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ ഇരുവരും പുറത്തായതോടെ ദക്ഷിണാഫ്രിക്ക തകർന്നടിയുകയായിരുന്നു. മധ്യനിര ബാറ്റർമാരിൽ ക്ലോ ട്രിയോണും (16 പന്തിൽ 14), ആനറി ഡെർക്സനും (ഒൻപതു പന്തിൽ 10) രണ്ടക്കം കടന്നു. അന്നെകെ ബോഷ് (9), മരിസാനെ കാപ്പ് (8), നദൈന്‍ ജി ക്ലര്‍ക്ക് (6) സുനെ ലുസ് (8), സിനാലോ ജാഫ്ത (6) എന്നിവര്‍ക്ക് തിളങ്ങാനായില്ല.

മൂന്ന് വിക്കറ്റ് നേടി അമേലിയ ബൗളിംഗിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. റോസ്‌മേരി മെയറിനും മൂന്ന് വിക്കറ്റുണ്ട്. തുടർച്ചയായി രണ്ടാം തവണയാണ് ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ് ഫൈനലിൽ‍ തോൽക്കുന്നത്. നേരത്തെ, പുരുഷന്മാരുടെ ടി20 ലോകകപ്പിലും ദക്ഷിണാഫ്രിക്ക ഫൈനലില്‍ തോറ്റിരുന്നു.

Previous Post Next Post