ഓഫീസിൽ റീൽസ് ചിത്രീകരണം; തിരുവല്ല നഗരസഭയിലെ എട്ട് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്


 

പത്തനംതിട്ട: സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച എട്ട് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. തിരുവല്ല നഗരസഭയിലെ ജീവനക്കാര്‍ക്കാണ് നോട്ടീസ് നല്‍കിയത്. മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനാണ് നിര്‍ദേശം

ഓഫീസില്‍ വച്ച് ജീവനക്കാര്‍ പാട്ടും നൃത്തവും ചെയ്യുന്നതാണ് റീല്‍സില്‍ ചിത്രീകരിച്ചത്. മോഹന്‍ലാല്‍ ചിത്രമായ ദേവദൂതനിലെ പാട്ടിനൊപ്പമായിരുന്നു ജീവനക്കാരുടെ പ്രകടനം. റീല്‍സ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

വീഡിയോ ശ്രദ്ധയില്‍പ്പെട്ട മുന്‍സിപ്പല്‍ സെക്രട്ടറിയാണ് ജീവനക്കാരോട് വിശദീകരണം തേടിയത്. ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ തന്ന തുടര്‍നടപടികള്‍ സ്വീകരിച്ചെന്ന് മുന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു. ജോലി സമയത്ത് ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ചു, ഇതിനായി ഓഫീസ് സംവിധാനം ദുരുപയോഗം ചെയ്തു, ദൃശ്യങ്ങള്‍ സാമൂഹിക മാധ്യങ്ങളില്‍ പങ്കുവെച്ചത് പൊതുസമൂഹത്തില്‍ നഗരസഭയ്ക്കും ജീവനക്കാര്‍ക്കും എതിരായ വികാരം ഉണ്ടാകാന്‍ കാരണമായി എന്നീ കുറ്റങ്ങളാണ് നോട്ടീസിലുള്ളത്.

അതേസമയം, ആര്‍ക്കും ഉപദ്രവകരമല്ലാത്ത പ്രവൃത്തിയായതിനാല്‍ നടപടിയുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍. ഓഫീസ് അവധി ദിവസമാണ് റീല്‍സ് ചിത്രീകരിച്ചതെന്നും ആര്‍ക്കും ഒരുതടസവും ഇല്ലാത്തരീതിയിലായിരുന്നു ചിത്രീകരിച്ചതെന്നും ജീവനക്കാര്‍ പറയുന്നു.

Previous Post Next Post