സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത്; സ്‌കൂള്‍ ഒളിമ്പിക്‌സ് ഒക്ടോബറില്‍ എറണാകുളത്ത്


 

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് വച്ച് നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പുതുക്കിയ മാന്വല്‍ അനുസരിച്ചായിരിക്കും കലോത്സവമെന്നും തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

കായികമേള ഒക്ടോബര്‍ 18 മുതല്‍ 22 വരെ എറണാകുളത്ത് നടക്കും. ഇത്തവണ സ്‌കൂള്‍ ഒളിമ്പിക്‌സ് എന്ന പേരിലാണ് കായികമേള നടക്കുക. എല്ലാ ഇനങ്ങളും ഒരു സ്ഥലത്തുവച്ച് തന്നെയായിരിക്കുമെന്നും നാലുവര്‍ഷത്തിലൊരിക്കലായിരിക്കും സ്‌കൂള്‍ ഒളിമ്പിക്‌സ് നടത്തുകയെന്നും മന്ത്രി പറഞ്ഞു. മിനി ഒളിമ്പിക്‌സ് എന്നനിലയില്‍ പ്രൗഡഗംഭീരമായി നടത്താനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

സെപ്ഷ്യല്‍ സ്‌കൂള്‍ കലോത്സവം സെപ്റ്റംബര്‍ 25,26,27 തീയതികളില്‍ കണ്ണൂരില്‍ വച്ചും ശാസ്ത്രമേള നവംബര്‍ 14,15,16 ആലപ്പുഴയിലും നടക്കും. ദിശ എക്‌സ്‌പോ ഒക്ടോബര്‍ 5,6,7,8, 9 തീയതികളില്‍ തൃശൂരില്‍ വച്ച് നടക്കുമെന്നും മന്ത്രി പറഞ്ഞു. നല്ല തയ്യാറെടുപ്പുകള്‍ നടത്താന്‍ വേണ്ടിയാണ് നേരത്തെ തീയതികള്‍ പ്രഖ്യാപിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Previous Post Next Post