ചാമ്പ്യന്‍മാരെ നാളെ പ്രധാനമന്ത്രി നേരിട്ട് അഭിനന്ദിക്കും; മുംബൈയില്‍ ബസ് പരേഡ്; വന്‍ സ്വീകരണ പരിപാടികള്‍


 

ന്യൂഡല്‍ഹി: ലോകകപ്പ് കീരിടം നേടിയ ശേഷം രാജ്യത്ത് മടങ്ങിയെത്തുന്ന ഇന്ത്യന്‍ ടീമംഗങ്ങളെ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരില്‍ കണ്ട് അഭിനന്ദിക്കും. ഇന്ത്യന്‍ ടീം അംഗങ്ങള്‍ ബാര്‍ബഡോസില്‍ നിന്ന് യാത്ര തിരിച്ചിട്ടുണ്ട്. നാളെ രാവിലെ ആറ് മണിയോടെ ഡല്‍ഹിയില്‍ എത്തും.

രാവിലെ പതിനൊന്നുമണിയോടെ പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചാണ് കൂടിക്കാഴ്ച. ആറ് മണിക്ക് ഡല്‍ഹിയിലെത്തുന്ന ഇന്ത്യന്‍ ടീമംഗങ്ങള്‍ രാവിലെ ഒന്‍പതരയോടെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് യാത്ര തിരിക്കും. ബാര്‍ബഡോസിലെ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ടീമംഗങ്ങളുടെ മടക്കം വൈകിയത്.

ഡല്‍ഹി വിമാനത്താവളത്തിലും ഇന്ത്യന്‍ ടീമിന് വലിയ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യന്‍ ടീം മുംബൈയിലേക്ക് പോകും. ഒരു കിലോമീറ്റര്‍ നീളുന്ന ഓപ്പണ്‍ ബസ് പരേഡും ഒരുക്കിയിട്ടുണ്ട്. അതിന് ശേഷം ബിസിസിഐയുടെ പരിപാടിയും നടക്കും.

2007ല്‍ എംഎസ് ധോനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കന്നി ടി20 ലോകകപ്പ് നേടിയപ്പോഴും ഓപ്പണ്‍ ബസ് പരേഡ് നടത്തിയിരുന്നു. സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് ലോകകപ്പ് ട്രോഫി കൈമാറും. അടുത്ത രണ്ട് വര്‍ഷത്തേക്ക് ട്രോഫി ബിസിസിഐ ആസ്ഥാനത്ത് തുടരും. വ്യാഴാഴ്ച വൈകുന്നേരത്തോടെ കളിക്കാര്‍ അവരവരുടെ നാട്ടിലേക്ക് പോകും.

Previous Post Next Post