ബംഗളൂരു: കര്‍ണാടകയിലെ അഗോളയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവറെ കുറിച്ച് വിവരമില്ല. നാലുദിവസമായി കോഴിക്കോട് സ്വദേശി അര്‍ജുനും ലോറിയും മണ്ണിനടിയിലെന്ന് സംശയം. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോള്‍ മണ്ണിനടിയിലാണ് ലോറിയുടെ ലൊക്കേഷന്‍ കാണിക്കുന്നത്. അര്‍ജുന്റെ ഫോണ്‍ രണ്ട് തവണ ഓണായെന്ന് ലോറി ഉടമ പറഞ്ഞു.
രനിരവധി വാഹനങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അതേസമയം, ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ കര്‍ണാടക ഗതാഗത മന്ത്രിയുമായി ബന്ധപ്പെട്ടതായി മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. അദ്ദേഹത്തിന് എല്ലാ വിവരങ്ങളും കൈമാറിയിട്ടുണ്ട്. കാസര്‍കോട് കലക്ടറുമായി സംസാരിച്ചതായും അന്വേഷിക്കാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സംഭവസ്ഥലത്തേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു.
കര്‍ണാടകയില്‍ നിന്നും തടി കയറ്റി വരികയായിരുന്നു ലോറി.
'റോഡിലെ മണ്ണ് വശങ്ങളിലേക്കു മാറ്റി ദേശീയപാതയിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം മാത്രമാണ് അവിടെ നടക്കുന്നത്. ഇതുവരെയും മണ്ണു മാറ്റി പരിശോധന നടത്തിയിട്ടില്ല. എസി ഓൺ ചെയ്ത് ഫുൾ കവർ ചെയ്ത വണ്ടിയാണ്. അതുകൊണ്ട് മണ്ണ് ഉള്ളിലേക്ക് കയറിയിട്ടുണ്ടാവില്ല. അങ്ങനെയാണെങ്കിൽ അർജുനെ ജീവനോടെ രക്ഷിക്കാൻ കഴിയും. ഇടയ്ക്കിടയ്ക്ക് ഫോൺ സ്വിച്ച് ഓൺ ആകുന്നതിലും പ്രതീക്ഷയുണ്ട്’– ലോറി ഉടമ മനാഫ് പറഞ്ഞു.
