ഇന്ന് യൂറോ കപ്പിൽ റൊണാള്‍ഡോ- എംബാപ്പെ നേര്‍ക്കുനേര്‍ മത്സരം


 

ഹാംബര്‍ഗ്: ഇതിഹാസ താരവും പോര്‍ച്ചുഗല്‍ നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അവസാന യൂറോ കപ്പാണിത്. 2016ല്‍ കന്നി കിരീടം രാജ്യത്തിനു സമ്മാനിച്ച റൊണാള്‍ഡോയ്ക്ക് ആ നേട്ടം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാനുള്ള അവസാന അവസരം. ഇന്ന് ഫ്രാന്‍സുമായി ഏറ്റുമുട്ടാനിറങ്ങുമ്പോള്‍ 39കാരനു വിജയമല്ലാതെ മറ്റൊരു ആലോചനയുമുണ്ടാകില്ല.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കളിയില്‍ ആകൃഷ്ടനായി, അദ്ദേഹത്തെ ആരാധിച്ച് വളര്‍ന്നു വന്ന താരമാണ് ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെ. തന്‍റെ മുറി നിറയെ റോണോയുടെ പടങ്ങള്‍ ഒട്ടിച്ച 13കാരന്‍ എംബാപ്പെയുടെ ചിത്രങ്ങള്‍ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് സുപരിചിതം. ഇരുവരും തങ്ങളുടെ ടീമിന്‍റെ നായകന്‍മാര്‍. തന്‍റെ ആരാധനാ താരത്തിനു എംബാപ്പെ പുറത്തേക്കുള്ള വഴി തുറന്നു നല്‍കുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ.

ക്വാര്‍ട്ടറിലേക്കുള്ള പോര്‍ച്ചുഗലിന്‍റെ വരവ് എളുപ്പത്തിലായിരുന്നില്ല. ഫ്രാന്‍സും പെരുമയ്‌ക്കൊത്ത പ്രകടനം പുറത്തെടുത്തിട്ടില്ല. മാത്രമല്ല ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇതുവരെ ഒരു ഗോളും നേടിയിട്ടില്ല. എംബാപ്പെയാകട്ടെ ഒരു പെനാല്‍റ്റി മാത്രമാണ് ഇതുവരെ വലയിലിട്ടത്. ഫോം വീണ്ടെടുക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണ് രണ്ട് സൂപ്പര്‍ താരങ്ങളും.

Previous Post Next Post