ഷൊര്‍ണൂര്‍ -കണ്ണൂര്‍ സ്‌പെഷലിന്‍റെ കന്നിയാത്ര, ആഘോഷമാക്കി നാട്ടുകാര്‍


 

കണ്ണൂര്‍: നീണ്ട കാത്തിരിപ്പിനൊടുവില്‍ ഷൊര്‍ണൂര്‍ -കണ്ണൂര്‍ സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങി. ഷൊര്‍ണൂരിനും കണ്ണൂരിനും ഇടയില്‍ റെയില്‍വേ പ്രഖ്യാപിച്ച ട്രെയിനിന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ ആവേശകരമായ സ്വീകരണം നല്‍കി. മലബാര്‍ റെയില്‍വേ പാസഞ്ചേഴ്സ് കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്യത്തിലായിരുന്നു സ്വീകരണം ഒരുക്കിയത്.

ജൂലായ് രണ്ടിന് വൈകിട്ട് 3.40 ന് ഷൊര്‍ണ്ണൂരില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ 7.30 ന് കണ്ണൂരിലെത്തി. കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്യത്തില്‍ ലോക്കോ പൈലറ്റുമാര്‍ക്ക് ഹാരാര്‍പ്പണം നടത്തി. കോര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ റഷീദ് കവ്വായി, സ്റ്റേഷന്‍ മാനേജര്‍ സജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഷൊര്‍ണ്ണൂരില്‍ നിന്ന് ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് 3. 40 നും കണ്ണൂരില്‍ നിന്ന് ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 8.10 നുമാണ് ട്രെയിന്‍ സര്‍വ്വീസ് നടത്തുക. തിരക്കില്ലാത്ത സുഖകരമായ യാത്രയായിരുന്നുവെന്ന് ആദ്യയാത്രക്കാര്‍ പറഞ്ഞു.

അണ്‍ റിസര്‍വ്ഡ് സ്‌പെഷ്യല്‍ എക്‌സ്പ്രസ് ആയി സര്‍വ്വീസ് നടത്തുന്ന ട്രെയിനിന് തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി, കോഴിക്കോട്, ഫെറോക്ക്, പരപ്പനങ്ങാട് താനൂര്‍, തിരൂര്‍, കുറ്റിപ്പുറം പട്ടാമ്പി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. 10 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. പുതിയ ട്രെയിന്‍ സര്‍വ്വീസ് തുടങ്ങുന്നതോടെ യാത്രക്കാരുടെ തിരക്കിന് അല്‍പം ആശ്വാസമായിട്ടുണ്ട്.

Previous Post Next Post