സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,756 പേർക്ക് പനി

സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,756 പേര്‍ പനി ബാധിച്ച്‌ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇന്നലെ മാത്രം 225 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മരിച്ചു. 20 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 2 പേര്‍ എലിപ്പനി ബാധിച്ച്‌ മരിച്ചു.

അതേസമയം, തിരുവനന്തപുരം ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കരയിലെ ശ്രീകാരുണ്യ മിഷന്‍ ചാരിറ്റബിള്‍ ഹോസ്റ്റലിലെ രണ്ടു പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ മൂന്നു പേര്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ നാലു പേര്‍ക്കാണ് നിലവില്‍ കോളറ സ്ഥിരീകരിച്ചിരിക്കുന്നത്.

വയറിളക്കവും ഛര്‍ദിയും കാരണം അന്തേവാസികളില്‍ ഒരാള്‍ മരിക്കുകയും ഒരു കുട്ടിക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതിന് പിന്നാലെ തവരവിളയിലെ ശ്രീകാരുണ്യ മിഷന്‍ ചാരിറ്റബിള്‍ ഹോസ്റ്റല്‍ താല്‍ക്കാലികമായി പൂട്ടിയിരുന്നു. ഭിന്നശേഷിക്കാരനായ വിതുര തൊളിക്കോട് മലയടി മുളമൂട്ടില്‍ വീട്ടില്‍ അനില്‍ കുമാറിന്റെ മകന്‍ അനു(26) ആണു വെള്ളിയാഴ്ച വൈകീട്ടു മരിച്ചത്. പിന്നാലെ ഗുരുതരാവസ്ഥയില്‍ എസ്‌എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 10 വയസ്സുകാരനു കോളറ സ്ഥിരീകരിച്ചിരുന്നു. ഈ സ്ഥാപനത്തിലെ പതിനൊന്ന് പേരാണ് നിലവില്‍ സമാന ലക്ഷണങ്ങളുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്.
Previous Post Next Post