മന്ത്രിസഭാ രൂപീകരണം: ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍, സ്പീക്കറില്‍ വഴങ്ങാതെ ടിഡിപി

 


ന്യൂഡല്‍ഹി: മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ തുടരുന്നതിനിടെ ഡല്‍ഹിയില്‍ എന്‍ഡിഎ എംപിമാരുടെ യോഗം ഇന്ന് ചേരും. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 11 മണിക്കാണ് യോഗം. യോഗത്തില്‍ നരേന്ദ്രമോദിയെ എന്‍ഡിഎ നേതാവായി തെരഞ്ഞെടുക്കും. എന്‍ഡിഎയുടെ എല്ലാ മുഖ്യമന്ത്രിമാരെയും, ഉപമുഖ്യമന്ത്രിമാരെയും, ബിജെപി സംസ്ഥാന അധ്യക്ഷന്‍മാരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യോഗത്തില്‍ എന്‍ഡിഎ എംപിമാരെ മോദി അഭിസംബോധന ചെയ്യും.

യോഗത്തിന് ശേഷം മോദിയെ നേതാവായി നിശ്ചയിച്ചുകൊണ്ടുള്ള കത്ത് എന്‍ഡിഎ നേതാക്കള്‍ രാഷ്ട്രപതിക്ക് നല്‍കും. ഞായറാഴ്ച വൈകീട്ട് രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ നടത്താനാണ് ധാരണ. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ അയല്‍ രാജ്യങ്ങളിലെ നേതാക്കളെ നരേന്ദ്രമോദി ക്ഷണിച്ചിട്ടുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസംഗെ, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ ( പ്രചണ്ഡ) എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം മന്ത്രിമാര്‍, വകുപ്പുകള്‍ എന്നിവ സംബന്ധിച്ച് ഡല്‍ഹിയില്‍ സഖ്യകക്ഷികളും ബിജെപിയും തമ്മില്‍ ചര്‍ച്ച തുടരുകയാണ്. ലോക്‌സഭ സ്പീക്കര്‍ സ്ഥാനം വേണമെന്ന നിലപാടില്‍ ടിഡിപി ഉറച്ചു നില്‍ക്കുകയാണ്. ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കാമെന്ന വാഗ്ദാനം നായിഡു തള്ളി. ചന്ദ്രബാബു നായിഡു വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കില്‍ സ്പീക്കര്‍ സ്ഥാനം ബിജെപി നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്പീക്കര്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ ബിജെപി തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നാണ് ടിഡിപി അറിയിച്ചിരിക്കുന്നത്.

സഖ്യകക്ഷികള്‍ക്ക് ഒരു ക്യാബിനറ്റ് മന്ത്രിസ്ഥാനം എന്ന ബിജെപിയുടെ നിര്‍ദേശം ജെഡിയു തള്ളി. അര്‍ഹിക്കുന്ന പ്രാമുഖ്യം മന്ത്രിസഭയില്‍ വേണമെന്ന് ജെഡിയു ആവശ്യപ്പെട്ടു. പ്രതിരോധം, ആഭ്യന്തരം, റെയില്‍വേ, ധനകാര്യം തുടങ്ങിയ വകുപ്പുകള്‍ ബിജെപി തന്നെ കൈവശംവെക്കും. കൃഷി, ഗ്രാമവികസനം, നഗരവികസനം, ജലശക്തി തുടങ്ങിയ വകുപ്പുകള്‍ വിട്ടു നല്‍കാമെന്നാണ് ബിജെപി അറിയിച്ചിട്ടുള്ളത്. ഗതാഗതം, ഐടി അടക്കം നാലു ക്യാബിനറ്റ് മന്ത്രിസ്ഥാനവും ധന സഹമന്ത്രി സ്ഥാനവും വേണമെന്നാണ് ടിഡിപി നിലപാട്.

Previous Post Next Post