നേതാക്കൾ പലരും വിളിച്ചു; ഭാവി പരിപാടി തീരുമാനിച്ചിട്ടില്ല: കെ മുരളീധരന്‍.

ഭാവി നടപടികളെക്കുറിച്ച്‌ ആലോചിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. നിരവധി യുഡിഎഫി നേതാക്കള്‍ വിളിച്ചിരുന്നു.
തോല്‍വിയില്‍ ആശ്വസിപ്പിക്കുന്നു. എന്നാല്‍ ഭാവി നടപടി എന്തു സ്വീകരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. 

തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിലെ തോല്‍വിക്ക് പിന്നാലെ പൊതുപ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് കെ മുരളീധരന്‍ പറഞ്ഞിരുന്നു. സജീവ രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കുകയാണെന്നും, ഇനി മത്സരത്തിനില്ലെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. ഫലപ്രഖ്യാപന ദിവസം തൃശൂരില്‍ നിന്നും കോഴിക്കോട്ടെ വീട്ടിലെത്തിയ മുരളീധരന്‍ വീട്ടില്‍ വിശ്രമിക്കുകയാണ്. തൃശൂരില്‍ മൂന്നാം സ്ഥാനത്താണ് മുരളീധരന്‍ എത്തിയത്.
മുരളീധരനെ അനുനയിപ്പിക്കാനായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഇന്നലെ വീട്ടിലെത്തിയിരുന്നു. 50 മിനിറ്റോളം സുധാകരന്‍ മുരളീധരനുമായി ചര്‍ച്ച നടത്തി. മുരളീധരന്‍ ഉന്നയിച്ച എല്ലാ വിഷയങ്ങളും സംസ്ഥാന നേതൃത്വം ഗൗരവത്തോടെ പരിശോധിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കെ സുധാകരന്‍ പറഞ്ഞു. മുരളീധരന്‍ ഒരു ഡിമാന്‍ഡും മുന്നോട്ടു വെച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃശ്ശൂരില്‍ ഗുരുതരമായ സംഘടനാ വീഴ്ചയാണ് മുരളീധരന്റെ തോല്‍വിക്ക് കാരണമായത്. അന്വേഷണത്തിന് ശേഷം പരിഹാര നടപടികള്‍ ഉണ്ടാകും. മുരളീധരന്‍ തന്റെ വികാരങ്ങള്‍ പ്രകടിപ്പിച്ചു. അദ്ദേഹം ഞങ്ങളുടെ പാര്‍ട്ടിയുടെ നേതാവായി തുടരുമെന്ന് ഉറപ്പുണ്ട് എന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. മുരളീധരന്‍ ഏതു സ്ഥാനത്തിനും ഫിറ്റാണെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ മാധ്യമങ്ങളെ കാണാനോ പ്രതികരിക്കാനോ കെ മുരളീധരന്‍ തയ്യാറായിട്ടില്ല.
Previous Post Next Post