തൊടുപുഴ: ഇടുക്കിയിൽ കനത്ത മഴയിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വൻനാശ നഷ്ടം. ഇന്നലെ മൂന്ന് മണിയോടെ ആരംഭിച്ച മഴയിൽ പല ഇടത്തും മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി. ഇന്നലെ രാത്രി പൂച്ചപ്രയിലാണ് ഉരുൾപ്പൊട്ടിയത്. ഒരു വലിയ പാറ അടക്കം ഇടിഞ്ഞ് താഴോട്ട് പതിക്കുകയായിരുന്നു.
ആൾ താമസം ഉണ്ടായിരുന്ന വീടിന് സമീപത്താണ് ഉരുൾപൊട്ടി പാറയും മണ്ണും എത്തിയത്. വലിയ പനവെട്ടിയിട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്. നാളിയാനിക്ക് പോകുന്ന വഴിയിലായിരുന്നു സംഭവം. ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കാൻ ദിവസങ്ങൾ വേണ്ടിവരും.
ജില്ലയുടെ തൊടുപുഴ, മൂലമറ്റം, കോളപ്പുറ, ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പല സ്ഥലത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. മരം വീണ് നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. രണ്ട് വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. തൊടുപുഴയിൽ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി.
മഴയെ തുടർന്ന് തൊടുപുഴ- പുളിയൻമല സംസ്ഥാനപാതയിൽ നാടുകാണിയിൽ മണ്ണിടിച്ചിൽ ഉണ്ടായി. കാറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കാറിലുണ്ടായവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇതേ തുടർന്ന് തൊടുപുഴ- പുളിയൻമല റോഡിൽ ഗതാഗതം പൂർണ്ണമായും നിരോധിച്ചു.ജില്ലയിലുടനീളം രാത്രി യാത്രയ്ക്ക് നിരോധനമുണ്ട്. മഴക്കെടുതിയെ തുടർന്ന് വെള്ളിയാമറ്റം വില്ലേജിൽ ക്രൈസ്റ്റ് കിങ് സ്‌കൂളിൽ ക്യാംപ് തുറന്നു.
