തൃശൂരിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു, തീവണ്ടികൾ പിടിച്ചിട്ടു

 


തൃശൂർ: കനത്ത മഴയിൽ തൃശൂരിൽ റെയിൽവേ ട്രാക്കിലേക്കു മണ്ണിടിഞ്ഞു. ഒല്ലൂരിനും പുതുക്കാടിനുമിടയിൽ ശനിയാഴ്ച രാവിലെ 10.30നാണ് സംഭവം.


എറവക്കാട് ഗേറ്റ് കടന്നശേഷം ഒല്ലൂർ സ്‌റ്റേഷനു മുമ്പായിട്ടാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണത്. തിരുനെൽവേലി - പാലക്കാട് പാലരുവി എക്‌സ്പ്രസ്, എറണാകുളം - ബംഗളൂരു ഇന്റർസിറ്റി, തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ്, തിരുവനന്തപുരം - ഷൊർണൂർ വേണാട് എക്‌സ്പ്രസ് എന്നീ വണ്ടികൾ പുതുക്കാട് സ്‌റ്റേഷനിൽ നിർത്തിയിട്ടു. 10.45ന് തീവണ്ടി ഗതാഗതം പുന:സ്ഥാപിച്ചു.

തൃശൂരിൽ പെരുമഴ


തൃശൂർ നഗരത്തെ വെള്ളത്തിൽ മുക്കി പെരുമഴ. ഇന്നു രാവിലെ തുടങ്ങിയ മഴ മണിക്കൂറുകൾ പിന്നിട്ടിട്ടും തുടരുകയാണ്. മേഘവിസ്‌ഫോടമാണെന്നു സംശയിക്കുന്നു.


ശക്തമായ മിന്നലിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് പേമാരി. വെള്ളക്കെട്ടിൽ നഗര പ്രദേശം സ്തംഭിച്ചു. പലയിടത്തും വീടുകളിലേക്ക് വെള്ളം കയറി. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സ്വകാര്യ ബസുകൾ ഓട്ടം നിർത്തിവച്ചു. ഇതോടെ യാത്രക്കാർ കുടുങ്ങി.

Previous Post Next Post