ന്യൂഡൽഹി: മോദി 2.0 മന്ത്രിസഭയിൽ സുപ്രധാന വകുപ്പുകൾ ഭരിച്ച മന്ത്രിമാരെല്ലാം 3.0 യിലും ഇടംപിടിച്ചു. എന്നാൽ കഴിഞ്ഞ മന്ത്രിസഭയിലെ ചില ശ്രദ്ധേയ മുഖങ്ങൾ ഇത്തവണയില്ല. സ്മൃതി ഇറാനി, അനുരാഗ് ഠാക്കൂർ, രാജീവ് ചന്ദ്രശേഖർ, നാരായൺ റാണെ തുടങ്ങിയവരാണ് ഇത്തവണ മന്ത്രിസഭയിൽ ഇടമില്ലാത്ത പ്രമുഖർ.
സ്മൃതി അമേഠിയിൽ അപ്രതീക്ഷിത തോൽവി വഴങ്ങി. 2014ൽ തോറ്റപ്പോഴും അവരെ മന്ത്രിയാക്കിയിരുന്നു. സമാന രീതിയിൽ ഇത്തവണ മന്ത്രിയാകുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും തോറ്റവരെ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ അവസരം ലഭിച്ചില്ല. കിഷോരിലാൽ ശർമയോടാണ് സ്മൃതി ഇത്തവണ പരാജയപ്പെട്ടത്.
2019ൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയാണ് സ്മൃതി ലോക്സഭയിലെത്തിയത്. ചരിത്ര വിജയം അന്ന് സമ്മാനിച്ചതിന്റെ മികവിലാണ് അവർ രണ്ടാമതും മന്ത്രിയായത്. വനിതാ ശിശു വികസന മന്ത്രിയായിരുന്നു.
അതേസമയം അനുരാഗ് ഠാക്കൂർ ജയിച്ചിട്ടും മന്ത്രിയാക്കിയില്ല. ഹിമാചൽ പ്രദേശിലെ ഹമിർപുരിൽ നിന്നാണ് അനുരാഗ് ഠാക്കൂർ ജയിച്ചത്. രണ്ടാം മോദി സർക്കാരിൽ സ്പോർട്സ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തത്.
രജീവ് ചന്ദ്രശേഖർ അവസാന മൂന്ന് വർഷമാണ് കേന്ദ്രത്തിൽ മന്ത്രിയായത്. ജയ പ്രതീക്ഷ ഉയർത്തിയ ശേഷം അദ്ദേഹം തിരുവനന്തപുരത്ത് ശശി തരൂരിനോടു പരാജയപ്പെടുകയായിരുന്നു.
നാരായൺ റാണെ മൈക്രോ, ചെറുകിട വ്യവസായ മന്ത്രിയായിരുന്നു റാണെ. മഹാരാഷ്ട്രയിലെ രത്നഗിരി- സിന്ധു ദുർഗ് ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ലോക്സഭയിലെത്തിയത്.