ന്യൂയോര്‍ക്ക്: ആവേശം അവസാന ഓവറിലേക്കൊഴുകിയ സൂപ്പര്‍ ത്രില്ലറില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ആറു റണ്‍സിന്റെ ഉജ്വല വിജയം. ടി20 ലോകകപ്പിൽ ഗ്രൂപ്പ് എ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 19 ഓവറില്‍ 119 റണ്‍സിനു പുറത്താക്കിയ പാകിസ്ഥാന്‍ എളുപ്പം ജയിക്കാം എന്ന ആത്മവിശ്വാസത്തോടെയാണ് ബാറ്റിങ്ങിന് ഇറങ്ങിയത്. എന്നാല്‍, ബൗളര്‍മാരുടെ കരുത്തില്‍ തിരിച്ചടിച്ച ഇന്ത്യ, പാകിസ്ഥാനെ 20 ഓവറില്‍ 7ന് 113 എന്ന സ്‌കോറില്‍ തളച്ച് 6 റണ്‍സിന്റെ ജയം പിടിച്ചെടുത്തു. ജയത്തോടെ ഗ്രൂപ്പ് എയില്‍ ഇന്ത്യ ഒന്നാമതെത്തി. തോല്‍വിയോടെ ടൂര്‍ണമെന്റില്‍ പാക്കിസ്ഥാന്റെ ഭാവി പരുങ്ങലിലായി.
ഇന്ത്യ ഉയര്‍ത്തിയ 120 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ശ്രദ്ധയോടെയാണ് പാകിസ്ഥാന്‍ ബാറ്റേന്തിയത്. കൂറ്റനടികള്‍ക്ക് മുതിരാതെ പതിയെ സ്‌കോറുയര്‍ത്താനാണ് ഓപ്പണര്‍മാരായ മുഹമ്മദ് റിസ്വാനും ബാബര്‍ അസമും ശ്രമിച്ചത്. ടീം സ്‌കോര്‍ 26ല്‍ നില്‍ക്കേയാണ് പാകിസ്താന് ആദ്യ വിക്കറ്റ് നഷ്ടമായത്. 10പന്തില്‍ നിന്ന് 13റണ്‍സെടുത്ത പാക് നായകനെ ബുംറ പുറത്താക്കി. പിന്നാലെ ഉസ്മാന്‍ ഖാനും റിസ്വാനും സ്‌കോര്‍ 50 കടത്തി. വൈകാതെ പാകിസ്ഥാന് രണ്ടാം വിക്കറ്റ് നഷ്ടമായി. 13റണ്‍സെടുത്ത ഉസ്മാന്‍ ഖാനെ അക്ഷര്‍ പട്ടേല്‍ പുറത്താക്കി.
പിന്നീട് ഫഖര്‍ സമാനുമായി ചേര്‍ന്ന് റിസ്വാന്‍ ഖാന്‍ കൂട്ടുകെട്ടുണ്ടാക്കി. ടീം സ്‌കോര്‍ 73ല്‍ നില്‍ക്കേ ഫഖര്‍ സമാനേയും പാകിസ്ഥാന് നഷ്ടമായി. എട്ട് പന്തില്‍ നിന്ന് 13റണ്‍സെടുത്ത താരത്തെ ഹാര്‍ദിക് പാണ്ഡ്യ പന്തിന്റെ കൈകളിലെത്തിച്ചു. പിന്നാലെ റിസ്വാനെയും പാകിസ്ഥാന് നഷ്ടമായി. 44പന്തില്‍ നിന്ന് 31റണ്‍സെടുത്ത റിസ്വാനെ ബുംറ ബൗള്‍ഡാക്കി. അതോടെ ഇന്ത്യയ്ക്ക് നേരിയ പ്രതീക്ഷ കൈവന്നു.
ശേഷം പാക് ബാറ്റര്‍മാരെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. അക്ഷര്‍ പട്ടേല്‍ എറിഞ്ഞ 16-ാം ഓവറില്‍ രണ്ട് റണ്‍സ് മാത്രമാണ് പാകിസ്ഥാന് നേടാനായത്. അടുത്ത ഓവറില്‍ പാണ്ഡ്യ ശദബ് ഖാനേയും കൂടാരം കയറ്റി. ഏഴ് പന്തില്‍ നിന്ന് നാല് റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. പാകിസ്താന്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സ് എന്ന നിലയിലായി.