കുവൈത്ത് തീപിടുത്തം: ദുരന്തത്തിന് ഇരയായ 49ൽ 43ഉം ഇന്ത്യക്കാർ, 15 മലയാളികളെ തിരിച്ചറിഞ്ഞു



കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 49ൽ 43 പേരും ഇന്ത്യക്കാർ. ദുരന്തത്തിന് ഇരയായ 15 മലയാളികളെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. അൻപതിലേറെ പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.


മലപ്പുറം തിരൂർ കൂട്ടായി സ്വദേശി കോതപ്പറമ്പ് കുപ്പന്റെ പുരയ്ക്കൽ നൂഹ് (40), മലപ്പുറം പുലാമന്തോൾ തിരുത്ത് സ്വദേശി എംപി ബാഹുലേയൻ (36), ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് -ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപ് (27) എന്നിവരുടെ മരണമാണ് പുതുതായി സ്ഥിരീകരിച്ചത്.


കാസർകോട് തൃക്കരിപ്പൂർ എളമ്പച്ചി സ്വദേശി കേളു പൊന്മലേരി, ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34), പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാം സാബു(29), പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് എസ്.നായർ, കൊല്ലം സ്വദേശി ഷമീർ ഉമറുദ്ദീൻ, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ (54 , കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു48), പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ്, കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ്(56), തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മൻ, കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ എന്നിവരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.

മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. സ്ഥിതിഗതി വിലയിരുത്തുന്നതിനായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻസിങ് കുവൈത്തിലേക്ക് യാത്ര തിരിച്ചു. അവിടെത്തിയശേഷം ആശുപത്രിയിൽ ചികിത്സയിലുള്ളവരെ മന്ത്രി സന്ദർശിക്കും. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തും. കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുല്ല അലി അൽ യഹ്യയുമായി സംസാരിച്ചെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണമുണ്ടാകുമെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നും മന്ത്രി ഉറപ്പുനൽകിയതായി ജയ്ശങ്കർ എക്‌സ് പ്ലാറ്റ്‌ഫോമിൽ പറഞ്ഞു.


കെട്ടിട സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിൽ നിരവധി പേർ മരിച്ചത് അതീവ ദുഃഖകരമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. അപകടത്തിൽ ജീവൻ നഷ്ടമായവരിൽ നിരവധി മലയാളികളുണ്ടെന്നതു നടുക്കം വർധിപ്പിക്കുന്നെന്നും ജോർജ് കുര്യൻ പറഞ്ഞു. ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരുക്കേറ്റു ചികിത്സയിൽ കഴിയുന്നവർക്കു എത്രയും വേഗം സുഖം പ്രാപിക്കാൻ കഴിയട്ടെയെന്ന് ജോർജ് കുര്യൻ പറഞ്ഞു.


കുവൈത്തിലുണ്ടായ തീപിടിത്തം ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര മന്ത്രിസഭായോഗം ചേരും. 11 മണിക്കാണ് യോഗം. കേന്ദ്രസർക്കാരുമായുള്ള ഏകോപനം അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും. 

Previous Post Next Post