മന്ത്രി വീണാ ജോർജ് കുവൈത്തിലേക്ക്; മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം ധനസഹായം, പരിക്കേറ്റവർക്ക് ഒരുലക്ഷം

 


തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി ആരോഗ്യമന്ത്രി വീണാ ജോർജ് കുവൈത്തിലേക്ക്. ഇന്ന് ചേർന്ന അടിയന്തരമന്ത്രിസഭായോഗത്തിന്റെതാണ് തീരുമാനം. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം നൽകും. പരിക്കേറ്റവരുടെ കുടുംബത്തിന് ഒരുലക്ഷം രൂപയും ധനസഹായമായി നൽകാനാണ് തീരുമാനം.


രക്ഷാപ്രവർത്തനം ഏകോപിപ്പിക്കൽ, മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ വേഗത്തിലാക്കുന്നതിനും കുവൈത്തിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി, എംബസി ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി ആവശ്യമായകാര്യങ്ങൾ ചെയ്യുന്നതിനുമായാണ് ആരോഗ്യമന്ത്രിയെ അയക്കാനുള്ള സംസ്ഥാനസർക്കാരിന്റെ തീരുമാനം. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും മന്ത്രി സന്ദർശിക്കും. മന്ത്രി ഇന്നുതന്നെ യാത്രതിരിക്കും. വലിയ ദുരന്തമുണ്ടായ സാഹചര്യത്തിൽ ഏകോപന പ്രവർത്തനങ്ങൾ നടത്തുക, കേന്ദ്ര സർക്കാർ നൽകുന്ന നിർദേങ്ങൾ നടപ്പാക്കുക. കുടുംബങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുക എന്ന ലക്ഷ്യങ്ങളാണ് സർക്കാരിനുള്ളത്. മറ്റുകാര്യങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസും നോർക്കയും ഏകോപിപ്പിക്കും.


കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ ദുരന്തത്തിന് ഇരയായ 15 മലയാളികളെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. അൻപതിലേറെ പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

മലപ്പുറം തിരൂർ കൂട്ടായി സ്വദേശി കോതപ്പറമ്പ് കുപ്പന്റെ പുരയ്ക്കൽ നൂഹ് (40), മലപ്പുറം പുലാമന്തോൾ തിരുത്ത് സ്വദേശി എംപി ബാഹുലേയൻ (36), ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് -ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപ് (27) എന്നിവരുടെ മരണമാണ് പുതുതായി സ്ഥിരീകരിച്ചത്.


കാസർകോട് തൃക്കരിപ്പൂർ എളമ്പച്ചി സ്വദേശി കേളു പൊന്മലേരി, ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34), പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാം സാബു(29), പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് എസ്.നായർ, കൊല്ലം സ്വദേശി ഷമീർ ഉമറുദ്ദീൻ, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ (54 , കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു48), പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ്, കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ്(56), തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മൻ, കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ എന്നിവരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.


മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. സ്ഥിതിഗതി വിലയിരുത്തുന്നതിനായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻസിങ് കുവൈത്തിലേക്ക് യാത്ര തിരിച്ചു. അവിടെത്തിയശേഷം ആശുപത്രിയിൽ ചികിത്സയിലുള്ളവരെ മന്ത്രി സന്ദർശിക്കും. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തും. കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുല്ല അലി അൽ യഹ്യയുമായി സംസാരിച്ചെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണമുണ്ടാകുമെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നും മന്ത്രി ഉറപ്പുനൽകിയതായി ജയ്ശങ്കർ എക്സ് പ്ലാറ്റ്ഫോമിൽ പറഞ്ഞു.

Previous Post Next Post