ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; എസ് കാര്‍ത്തികേയൻ എക്സൈസ് കമ്മീഷണര്‍; ജെറോമിക് ജോര്‍ജ് വിഴി‍ഞ്ഞം എം ഡി.


ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. 14 ഐഎഎസ് ഉദ്യോഗസ്ഥരുടെ തസ്തികകളിലും അധിക ചുമതലകളിലും മാറ്റംവരുത്തി സർക്കാർ ഉത്തരവിറങ്ങി.

സീറാം സാംബശിവറാവുവിനെ മാറ്റിയ ഒഴിവില്‍ പുതിയ എക്സൈസ് കമ്മീഷണറായി ഡോ. എസ് കാർത്തികേയന് ചുമതല നല്‍കി. എം ജി രാജമാണിക്യത്തിന് ഇൻഫർമേഷൻ കേരള മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതല നല്‍കിയപ്പോള്‍, ജെറോമിക് ജോർജിനെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ മാനേജിങ് ഡയറക്ടറായി നിയമിക്കാൻ ഉത്തരവായി. ഡോ. ശർമിള മേരി ജോസഫിന് കെടിഡിഎഫ്സി ചെയർപേഴ്സണ്‍ സ്ഥാനത്തിന്റെ അധിക ചുമതലയും നല്‍കി.

എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് ശ്രീറാം സാംബശിവറാവുവിനെയും കെഎസ്‌ഇബി ചെയർമാൻ സ്ഥാനത്തുനിന്ന് എം ജി രാജമാണിക്യത്തെയും മാറ്റിയ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടെ വകുപ്പുകളില്‍ ഈ പുനഃസംഘടന ഉണ്ടായിരിക്കുന്നത്.

മാറ്റങ്ങള്‍ ഇങ്ങനെ

ഡോ. ശർമിള മേരി ജോസഫ്:ഗതാഗത വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയായ ഡോ. ശർമിള മേരി ജോസഫിന്, നിലവിലെ അധിക ചുമതലകള്‍ക്ക് പുറമെ കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (KTDFC) ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ പൂർണ്ണ അധിക ചുമതല നല്‍കി. ഇതോടെ കെറ്റിഡിഎഫ്സി മാനേജിങ് ഡയറക്ടറുടെ അധിക ചുമതലയില്‍നിന്ന് ബാലമുരളി ഡിയെ ഒഴിവാക്കി.

എൻ പ്രശാന്ത്:കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എൻ‌ പ്രശാന്തിന്, നിലവിലെ അധിക ചുമതലയ്ക്ക് പുറമെ മ്യൂസിയം, മൃഗശാല, പുരാവസ്തു, ആർക്കൈവ്സ് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുടെ പൂർണ അധിക ചുമതല കൈമാറി. ഈ വകുപ്പിന്റെ അധിക ചുമതലയില്‍നിന്ന് ഗോപാലകൃഷ്ണനെ ഒഴിവാക്കിയിട്ടുണ്ട്.

എം ജി രാജമാണിക്യം:തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായ എം ജി രാജമാണിക്യത്തിന്, നിലവിലെ അധിക ചുമതലകള്‍ക്ക് പുറമെ ഇൻഫർമേഷൻ കേരള മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുടെ പൂർണ അധിക ചുമതല നല്‍കി.

ഡോ. കാർത്തികേയൻ എസ്:അവധി കഴിഞ്ഞ് തിരിച്ചെത്തിയ ഡോ. കാർത്തികേയൻ എസിനെ ജലവിഭവ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു. ഇതിനു പുറമെ എക്സൈസ് കമ്മീഷണർ, ഭവന നിർമ്മാണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്നീ പൂർണ്ണ അധിക ചുമതലകളും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ഭവന നിർമ്മാണ വകുപ്പിന്റെ അധിക ചുമതലയില്‍നിന്ന് ആഭ്യന്തര, വിജിലൻസ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാലിനെ ഒഴിവാക്കി.

ബാലമുരളി ഡി:ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃ കാര്യ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായ ബാലമുരളി ഡിക്ക് കേരള മെഡിക്കല്‍ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുടെ പൂർണ്ണ അധിക ചുമതല നല്‍കി.

സുഹാസ് എസ്:ഇലക്‌ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായ സുഹാസ് എസ്, കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതലയില്‍ തുടരും.

അബ്ദുല്‍ നാസർ ബി:സഹകരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായ അബ്ദുല്‍ നാസർ ബിക്ക് പാർലമെന്ററി കാര്യ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുടെ പൂർണ്ണ അധിക ചുമതല നല്‍കി.

സുഭാഷ് ടി വി:നവംബർ 2-ലെ ഉത്തരവ് പ്രകാരം കെഎംഎസ്സിഎല്‍ എംഡിയായി സ്ഥലംമാറ്റിയിരുന്ന കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സുഭാഷ് ടി വി കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായിത്തന്നെ തുടരും. ഇതിനു പുറമെ സാമൂഹിക സന്നദ്ധസേന ഡയറക്ടർ, സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റി ചെയർപേഴ്സണ്‍ എന്നീ പൂർണ്ണ അധിക ചുമതലകളും അദ്ദേഹം വഹിക്കും.

ജെറോമിക് ജോർജ്:ജെറോമിക് ജോർജിന്റെ സേവനം തുറമുഖ വകുപ്പിന് വിട്ടുനല്‍കുകയും അദ്ദേഹത്തെ വിഴിഞ്ഞം ഇന്റർനാഷണല്‍ സീ പോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിക്കുകയും ചെയ്തു. കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ പൂർണ്ണ അധിക ചുമതലയിലും അദ്ദേഹം തുടരും.

ദേവിദാസ് എൻ: നവംബർ 2-ലെ ഉത്തരവ് പ്രകാരം എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിംഗ് ഡയറക്ടറായി മാറ്റിയിരുന്ന ദേവിദാസിനെ തദ്ദേശ സ്വയംഭരണ (ഗ്രാമീണ) വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ഇംപാക്‌ട് കേരള മാനേജിംഗ് ഡയറക്ടർ എന്നീ പൂർണ്ണ അധിക ചുമതലകള്‍ അദ്ദേഹം വഹിക്കും. സഫ്ന നസറുദ്ദീൻ ഐ.എ.എസ്. അവധിയിലായ ഒഴിവിലെ ലേബർ കമ്മീഷണറുടെ ചുമതലയിലും അദ്ദേഹം തുടരും.

രാഹുല്‍ കൃഷ്ണ ശർമ്മ:സംസ്ഥാന ചരക്ക് സേവന നികുതി (ജിഎസ്ടി) വകുപ്പ് സ്പെഷ്യല്‍ കമ്മീഷണറായ രാഹുല്‍ കൃഷ്ണ ശർമ്മക്ക്, നിലവിലെ ചുമതലകള്‍ക്ക് പുറമെ എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിംഗ് ഡയറക്ടറുടെ പൂർണ്ണ അധിക ചുമതല കൈമാറി.

ഡോ. മിഥുൻ പ്രേംരാജ്:മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടറായ ഡോ. മിഥുൻ പ്രേംരാജിന്, നിലവിലെ ചുമതലകള്‍ക്ക് പുറമെ കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (KSIDC) എക്സിക്യൂട്ടീവ് ഡയറക്ടറുടെ പൂർണ്ണ അധിക ചുമതല നല്‍കി.

അപൂർവ ത്രിപാഠി:തദ്ദേശ സ്വയംഭരണ (ഗ്രാമീണ) വകുപ്പ് ഡയറക്ടറായ അപൂർവ ത്രിപാഠിയെ വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഓഫീസർ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി മാറ്റി നിയമിച്ചു. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ പൂർണ്ണ അധിക ചുമതലയും ഇവർ വഹിക്കും.

Previous Post Next Post