ശബരിമലനട മണ്ഡല തീര്‍ത്ഥാടനത്തിനായി നവംബര്‍ 16ന് തുറക്കും; ദര്‍ശനം പ്രതിദിനം 80,000പേര്‍ക്ക്.


41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡല തീർത്ഥാടനത്തിന് ശബരിമലനട നവംബർ 16ന് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും.

തുടർന്ന് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തില്‍ അഗ്നി തെളിക്കും. ഇരുമുടിക്കെട്ടുമായി വരുന്ന നിയുക്ത മേല്‍ശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തി എ ദാമോദരൻ നമ്പൂതിരിയെയും സോപാനത്തേക്ക് ആനയിക്കും.

സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തന്ത്രി കലശാഭിഷേകം നടത്തിയ ശേഷം ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകും. അയ്യപ്പവിഗ്രഹത്തിന് സമീപമിരുത്തി കാതില്‍ മൂലമന്ത്രം ചൊല്ലിക്കൊടുക്കും. തുടർന്ന് ദാമോദരൻ നമ്പൂതിരിയെയും ഇതേ രീതിയില്‍ മാളികപ്പുറം ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി അവരോധിക്കും.

17ന് പുലർച്ചെ 3ന് പുതിയ മേല്‍ശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകള്‍ തുറക്കുക. ഡിസംബർ 27ന് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജയ്ക്ക് ശേഷം നട അടയ്ക്കും. ഡിസംബർ 30ന് വൈകിട്ട് 5ന് മകരവിളക്ക് ഉത്സവത്തിന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.

ഒറ്റനോട്ടത്തില്‍


  • പ്രതിദിന ദർശന പരിധി- 80,000

  • വൃശ്ചികം ഒന്ന് മുതല്‍ മണ്ഡലപൂജ വരെ പ്രതിദിനമുള്ള വെർച്വല്‍ ക്യൂ ബുക്കിംഗ് 60,000

  • നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിംഗ് വഴി 10,000 പേർക്കും എരുമേലി കാനനപാതവഴി 2,000 പേർക്കും വണ്ടിപ്പെരിയാർ സത്രം പുല്‍മേടുവഴി 2,000പേർക്കും ദർശനം

  • എരുമേലി, സത്രം കാനന പാതകള്‍ വഴി 3,000 പേർക്ക് വീതം ഓണ്‍ലൈൻ ബുക്കിംഗ്.
  • ശബരിമല മണ്ഡല -മകര വിളക്ക് തീർത്ഥാടന കാലത്തേക്കുള്ള മുറി ബുക്കിംഗ് ആരംഭിച്ചു. https://www.onlinetdb.com വഴിയാണ് ബുക്ക് ചെയ്യേണ്ടത്. ശബരിമലയിലെ ഗസ്റ്റ് ഹൗസുകളിലെ ആദ്യ 15 ദിവസത്തേക്കുള്ള മുറി ബുക്കിംഗാണ് തുടങ്ങിയത്. 400 റൂമുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. നേരത്തെ 190 മുറികളായിരുന്നു ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നത്.

    പൂജയ്‌ക്കെത്തി മുറിയെടുക്കാന്‍ ഉദ്ദേശിച്ച ഭക്തര്‍ക്ക് വെബ്‌സൈറ്റില്‍ കയറി ബുക്ക് ചെയ്യാം. എന്നാല്‍ ബുക്കിങ്ങിനിടെ വെബ്‌സൈറ്റിലെ തിരക്ക് കാരണം ബുക്കിങ് പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വരികയോ അക്കൗണ്ടില്‍ നിന്നും പണം ഡെബിറ്റ് ആവുകയും ചെയ്യുന്ന സാഹചര്യത്തില്‍ രേഖകള്‍ സഹിതം onlinerectdb@gmail.com എന്ന ഇമെയില്‍ പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. പരാതികള്‍ ലഭിച്ചാലുടന്‍ ഉടന്‍ തന്നെ അത് പരിഹരിക്കുന്നതിനുള്ള നടപടിയെടുക്കുമെന്നും ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.
Previous Post Next Post