വാഹനങ്ങളുടെ പുകപരിശോധന സർട്ടിഫിക്കറ്റുകളുടെ കാലാവധി സംബന്ധിച്ച ചട്ടങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം.

വാഹനത്തിന്റെ പഴക്കവും വിഭാഗവും അടിസ്ഥാനമാക്കി സർട്ടിഫിക്കറ്റ് പുതുക്കേണ്ട സമയപരിധിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. നവംബർ 13ന് വിജ്ഞാപനം ചെയ്ത പുതുക്കിയ ചട്ടപ്രകാരം ബിഎസ്-6 വാഹനങ്ങളുടെ പുകപരിശോധന സർട്ടിഫിക്കറ്റിന് മൂന്ന് വർഷം വരെ കാലാവധി നിശ്ചയിച്ചിട്ടുണ്ട്. വാഹനം ആദ്യമായി രജിസ്റ്റർ ചെയ്ത തീയതി അടിസ്ഥാനമാക്കിയായിരിക്കും വാഹനത്തിന്റെ പഴക്കം കണക്കാക്കുക.

പുതുക്കിയ ചട്ടം ഇങ്ങനെ

ബിഎസ്-6 (സ്വകാര്യ വാഹനങ്ങള്‍)

രജിസ്ട്രേഷൻ തീയതി മുതല്‍ ആറ് വർഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് PUC സർട്ടിഫിക്കറ്റിന് മൂന്ന് വർഷത്തെ സാധുത ഉണ്ടായിരിക്കും.
ആറ് വർഷത്തില്‍ കൂടുതലും 10 വർഷത്തില്‍ താഴെയും പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഓരോ വർഷവും സർട്ടിഫിക്കറ്റ് പുതുക്കണം.
10 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ആറുമാസത്തിലൊരിക്കല്‍ സർട്ടിഫിക്കറ്റ് പുതുക്കേണ്ടിവരും.

ബിഎസ്-6 (വാണിജ്യ വാഹനങ്ങള്‍)

രജിസ്ട്രേഷൻ തീയതി മുതല്‍ ആറ് വർഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് രണ്ട് വർഷത്തിലൊരിക്കല്‍ പുകപരിശോധന സർട്ടിഫിക്കറ്റ് എടുത്താല്‍ മതിയാകും.
ആറ് വർഷത്തില്‍ കൂടുതലും 10 വർഷത്തില്‍ താഴെയും പഴക്കമുള്ള വാഹനങ്ങള്‍ക്ക് വർഷത്തിലൊരിക്കല്‍ സർട്ടിഫിക്കറ്റ് പുതുക്കണം.
10 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ആറുമാസത്തിലൊരിക്കല്‍ സർട്ടിഫിക്കറ്റ് പുതുക്കണം.
ബിഎസ്-1, ബിഎസ്-2, ബിഎസ്-3

ഈ വിഭാഗത്തില്‍പ്പെടുന്ന എല്ലാ വാഹനങ്ങളും മൂന്ന് മാസത്തിലൊരിക്കല്‍ പുകപരിശോധന നടത്തി സർട്ടിഫിക്കറ്റ് കൈവശംവെക്കണം.

ബിഎസ്-4

ഈ വിഭാഗത്തില്‍പ്പെടുന്ന എല്ലാ വാഹനങ്ങളും ആറുമാസത്തിലൊരിക്കല്‍ പുകപരിശോധന നടത്തി സർട്ടിഫിക്കറ്റ് കൈവശംവെക്കണം

നിലവിലുള്ള സർട്ടിഫിക്കറ്റ് പുതുക്കുമ്പോള്‍

പുതിയ ഭേദഗതി ചട്ടങ്ങള്‍ നിലവില്‍ വരുന്നതിന് മുൻപ് എടുത്ത പുകപരിശോധന സർട്ടിഫിക്കറ്റുകള്‍ക്ക്, ചട്ടം പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള ആദ്യ പുതുക്കലിന് ശേഷമായിരിക്കും പുതിയ കാലാവധി ബാധകമാവുക.

നിലവിലുള്ള സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിക്കുന്നതിന് 10 ദിവസം മുൻപുള്ള കാലയളവില്‍ പുതുക്കുകയാണെങ്കില്‍, പഴയ സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിക്കുന്ന തീയതി മുതലായിരിക്കും പുതിയ സർട്ടിഫിക്കറ്റിന് പ്രാബല്യം ലഭിക്കുക.കാലാവധി കഴിഞ്ഞ ശേഷമാണ് സർട്ടിഫിക്കറ്റ് പുതുക്കുന്നതെങ്കില്‍, പുതുക്കുന്ന തീയതി മുതലായിരിക്കും പുതിയ സർട്ടിഫിക്കറ്റിന് പ്രാബല്യമുണ്ടാകുക.
Previous Post Next Post