വീണ് തോളിന് ഗുരുതരമായി പരിക്കേറ്റ, കോടനാട് അഭയാരണ്യത്തിലെ കുട്ടിയാനയെ ചികിത്സക്കായി ഇന്ന് ഗുജറാത്തിലെ വൻതാരയിലേക്ക് കൊണ്ടുപോകും.
ജന്മനാ അസ്ഥിവൈകല്യമുള്ള ഈ കുട്ടിയാന കഴിഞ്ഞ ഏപ്രിലിലാണ് കോടനാട് എത്തുന്നത്. കേരളത്തില്‍ ആവശ്യത്തിന് ചികിത്സാ സൗകര്യം ഇല്ലാത്തതിനെ തുടർന്ന്, ഹെല്‍ത്ത് മോണിറ്ററിംഗ് കമ്മിറ്റി ഈ ആനയ്ക്ക് ദയാവധം നിർദ്ദേശിച്ചിരുന്നതാണ്. എന്നാല്‍ പിന്നീട് ഇതിനെ കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി വൻതാരയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു
നിലവില്‍ എഴുന്നേറ്റ് നില്‍ക്കാൻ പറ്റാത്ത അവസ്ഥയിലാണ് കുട്ടിയാനയുള്ളത്. ക്രെയിൻ ഉപയോഗിച്ചാകും ആനയെ ലോറിയിലേക്ക് മാറ്റുക. തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച്, പ്രത്യേക ചാർട്ടേഡ് ഫ്ലൈറ്റില്‍ എയർ ലിഫ്റ്റ് ചെയ്യും. ഉച്ചയ്ക്ക് 2 മണിയോടെ വിമാനം ജാംനഗറിലെ വൻതാരയില്‍ എത്തും. വനമേഖലയില്‍ നിന്നുള്ള വനം വകുപ്പിന്റെ പ്രത്യേക സംഘവും ആനയ്ക്കൊപ്പം വൻതാരയിലേക്ക് പോകും. വൻതാരയിലെ ചികിത്സയിലൂടെ കുട്ടിയാന സുഖം പ്രാപിച്ചാല്‍ അതിനെ തിരികെ കേരളത്തിലേക്ക് കൊണ്ടുവരും.