കാർഷിക സംരംഭകന്റെയും മികച്ച കർഷകന്റെയും മുഖംമൂടിയണിഞ്ഞ് ബെംഗളൂരുവില്‍ നിന്നും മൈസൂരില്‍ നിന്നും കേരളത്തിലേക്ക് വൻതോതില്‍ സിന്തറ്റിക് ലഹരിമരുന്ന് കടത്തിയിരുന്ന സംഘത്തലവൻ എറണാകുളം റൂറല്‍ പോലീസിന്റെ പിടിയില്‍.
ഹരിപ്പാട് പായിപ്പാട് വയ്യാപുരം വില്ലേജ് പറയ്യില്‍ വീട്ടില്‍ 'ഡാനി' എന്നറിയപ്പെടുന്ന ധനേഷ് എസ്. നായർ (31)നെയാണ് ആലുവ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അങ്കമാലിയില്‍ വെച്ച് സാഹസികമായി പിടികൂടിയത്. ഇയാളില്‍നിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും 8 ഗ്രാം എംഡിഎംഎയും പോലീസ് പിടിച്ചെടുത്തു.
ജർമ്മനിയില്‍ നിന്ന് അഗ്രി ബിസിനസ് പഠനം പൂർത്തിയാക്കി 2018-ലെ പ്രളയകാലത്ത് നാട്ടില്‍ തിരിച്ചെത്തിയ ധനേഷ്, ചുരുങ്ങിയ കാലം കൊണ്ടാണ് വിജയകരമായ കാർഷിക സംരംഭങ്ങള്‍ വഴി ശ്രദ്ധേയനായത്. 2023-ല്‍ സംസ്ഥാന സർക്കാരിന്റെ മികച്ച യുവ കർഷകനുള്ള അവാർഡ് കൃഷിമന്ത്രി പി. പ്രസാദില്‍ നിന്ന് ഏറ്റുവാങ്ങിയതും, കൃഷിവകുപ്പിന്റെ ‘കൃഷിദീപം’ ടെലിവിഷൻ പരിപാടിയുടെ 1002-ാം എപ്പിസോഡില്‍ മാതൃകാ കർഷകനായി പ്രത്യക്ഷപ്പെട്ടതും ഇയാളായിരുന്നു. എന്നാല്‍ ഈ കർഷക വേഷം വൻതോതിലുള്ള ലഹരിക്കടത്ത് മറയ്ക്കാനുള്ള ആസൂത്രിത തന്ത്രമായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
നിലവില്‍ മൈസൂരിനടുത്തുള്ള നഞ്ചൻഗുഡുവില്‍ താമസിച്ച് വാഴത്തോട്ടങ്ങളും കൃഷിയിടങ്ങളും നടത്തിവരികയായിരുന്നു ധനേഷ്. കാർഷിക ഉല്‍പ്പന്നങ്ങള്‍ കേരളത്തിലേക്ക് എത്തിക്കുന്ന വാഹനങ്ങളില്‍, വാഴക്കുലകള്‍ തുരന്ന് അതിനുള്ളില്‍ എംഡിഎംഎയും ഹാഷിഷ് ഓയിലും അതീവ രഹസ്യമായി ഒളിപ്പിച്ചായിരുന്നു കടത്ത്. ഇത്തരത്തില്‍ ലഹരിമരുന്ന് ഒളിപ്പിക്കുന്നതിന്റെയും കടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് പോലീസ് കണ്ടെടുത്തു. യുവാക്കളെ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് ലഹരിക്കടത്തിനായി റിക്രൂട്ട് ചെയ്ത് കർണാടകയില്‍ എത്തിക്കുന്നതും ഇയാളുടെ രീതിയായിരുന്നു.
ആലുവയിലെ ലോഡ്ജില്‍ നിന്ന് 185 ഗ്രാം എംഡിഎംഎയുമായി ഇന്നലെ അറസ്റ്റിലായ ഹരികൃഷ്ണൻ, കൊച്ചി തോപ്പുംപടിയില്‍ നിന്ന് 7 ഗ്രാം എംഡിഎംഎയുമായി പിടിയിലായ ഷിനു സെബാസ്റ്റ്യൻ എന്നിവരെ ചോദ്യം ചെയ്തതോടെയാണ് ‘ഡാനി ഭായ്’ എന്ന വിളിപ്പേരുള്ള മുഖ്യസൂത്രധാരൻ ധനേഷിനെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്. ഇൻസ്റ്റാഗ്രാം വഴിയാണ് ഇയാള്‍ പ്രാദേശിക ഏജന്റുമാർക്ക് നിർദ്ദേശങ്ങള്‍ നല്‍കിയിരുന്നത്. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ മേല്‍നോട്ടത്തില്‍ തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ച പോലീസ്, കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കവെ അങ്കമാലിയില്‍ വെച്ച് ഇയാളെ കുരുക്കുകയായിരുന്നു. ബെംഗളൂരു-മൈസൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്തർസംസ്ഥാന ലഹരി മാഫിയയിലെ കൂടുതല്‍ കണ്ണികള്‍ക്കായി പോലീസ് വലവിരിച്ചിട്ടുണ്ട്.