സ്വയംഭരണ കോളജുകള്‍ക്ക് സർവകലാശാലാ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് കോഴ്സുകള്‍ തുടങ്ങാൻ സർക്കാരില്‍നിന്നു നിരാക്ഷേപ പത്രം ആവശ്യമില്ലെന്ന ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെയും സർക്കാരിന്റെയും നിലപാട് സ്വാഗതാർഹമെന്ന് സീറോമലബാർ സഭ വിദ്യാഭ്യാസ കമ്മിഷൻ.സ്വയംഭരണ കോളജുകള്‍ക്ക് കോഴ്സുകള്‍ ആരംഭിക്കാനുള്ള അക്കാദമിക് സ്വാതന്ത്ര്യവും അവകാശവും 2023 മുതല്‍ യുജിസി അനുവദിച്ചിരുന്നെങ്കിലും കേരളത്തില്‍ അതു നടപ്പായിരുന്നില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനസർക്കാർ അനുവദിച്ച അക്കാദമിക് സ്വാതന്ത്ര്യം ഉന്നതവിദ്യാഭ്യാസമേഖലയില്‍ സമഗ്രവികസനം ഉറപ്പാക്കാനുള്ള നിർണായക ചുവടുവയ്പാണ്.
ഉന്നതവിദ്യാഭ്യാസ മേഖല കാലോചിതമായി പരിഷ്കരിക്കുന്നതിനും ലോകോത്തരനിലവാരമുള്ള അക്കാദമിക് സമ്പ്രദായത്തിന്റെ സാധ്യതകള്‍ കേരളത്തില്‍ സൃഷ്ടിക്കുന്നതിനുമായി സംസ്ഥാനസർക്കാർ സ്വീകരിക്കുന്ന നടപടികളെ അഭിനന്ദിക്കുന്നു.
വിദ്യാർഥികള്‍ക്കു കേരളത്തില്‍ത്തന്നെ ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസം ചെലവ് കുറഞ്ഞ രീതിയില്‍ നേടണമെങ്കില്‍ മികവ് തെളിയിച്ച കോളജുകള്‍ക്ക് അക്കാദമിക് സ്വയംഭരണവും കാലതാമസമില്ലാതെ അനുമതി ലഭിക്കുന്ന സംവിധാനങ്ങളും ആവശ്യമാണ്.
നിലവിലുള്ള കോഴ്സുകളെ കാലാനുസൃതമായി പരിഷ്കരിക്കാനും നവവിദ്യാഭ്യാസ പദ്ധതികളും ജോലിസാധ്യതകളുള്ള പ്രോഗ്രാമുകളും സിലബസില്‍ ഉള്‍പ്പെടുത്തി കാലതാമസമില്ലാതെ അംഗീകാരം ലഭിക്കാനുമുള്ള തുടർനടപടികള്‍ കൈക്കൊള്ളണം.
ദേശീയ വിദ്യാഭ്യാസനയവും യുജിസി ലക്ഷ്യമിടുന്ന ഉന്നതവിദ്യാഭ്യാസരംഗത്തെ പരിഷ്കാരവും നിലവാരവും നേടിയെടുക്കാൻ അനുകൂലമായ നയപദ്ധതികള്‍ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പ് കാലതാമസമില്ലാതെ നടപ്പിലാക്കണം.സ്വകാര്യ യൂണിവേഴ്സിറ്റികള്‍ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സ്റ്റേറ്റ് എയ്ഡഡ് യൂണിവേഴ്സിറ്റികള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഒരുക്കി ഉന്നതവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും വിദ്യാഭ്യാസ കമ്മിഷൻ കണ്‍വീനർ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, സെക്രട്ടറി ഫാ. റെജി പ്ലാത്തോട്ടം എന്നിവർ പ്രസ്താവനയില്‍ പറഞ്ഞു.