വടകര മേപ്പയില്‍ എസ്.ബി. സ്കൂളിലെ വിദ്യാർഥിക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. സ്കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളുമായി സ്കൂളിലെ 30ഓളം വിദ്യാർഥികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് വൈകുന്നേരത്തോടെയാണ് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് ശനി, ഞായർ, തിങ്കള്‍ ദിവസങ്ങളിലായി 30ഓളം വിദ്യാർഥികള്‍ വടകര താലൂക്ക് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടി.
രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച നാല് വിദ്യാർഥികളുടെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട്ടെ ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. ഇതില്‍ ഒരു വിദ്യാർഥിയുടെ പരിശോധനാഫലത്തിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മറ്റ് മൂന്ന് വിദ്യാർഥികളുടെ പരിശോധനാഫലങ്ങള്‍ ലഭിക്കാനുണ്ട്.