മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതുള്‍പ്പെടെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
കേരളത്തില്‍ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ വാഹനപരിശോധനയില്‍ പതിനായിരത്തിലേറെ പേർ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സാഹചര്യം ഗുരുതരമാണെന്നും ഇത്തരം നിയമലംഘനങ്ങള്‍ അനുവദിക്കാനാകില്ലെന്നും മന്ത്രി തൃശൂരില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
മദ്യപിച്ച് വാഹനമോടിച്ച് പിടിയിലാകുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നതിനും പിന്നീട് ലൈസൻസ് അനുവദിക്കുന്നത് തടയുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മദ്യവും ലഹരിവസ്തുക്കളും ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നത് നിയന്ത്രിക്കാൻ മോട്ടോർ വാഹന നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരിശോധന ശക്തമാക്കി പോലീസ്
കഴിഞ്ഞ രണ്ടുദിവസമായി രാവും പകലും നടത്തിയ പരിശോധനയിലാണ് പതിനായിരത്തിലേറെ പേർ പിടിയിലായതെന്ന് മന്ത്രി പറഞ്ഞു. ഉത്സവകാലം അടുത്തുവരുന്ന സാഹചര്യത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ പോലീസിന് കർശന നിർദേശം നല്‍കിയിട്ടുണ്ട്.
പരിശോധനകളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. മദ്യപിച്ചും ലഹരിവസ്തുക്കള്‍ ഉപയോഗിച്ചും വാഹനമോടിക്കുന്നത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.