ഞങ്ങളുടെ സാറിനോട് ചെയ്തതൊന്നും മറക്കാനാവില്ല ഞങ്ങൾക്ക്’; കോട്ടയത്ത് ഉമ്മൻചാണ്ടിയുടെ ചിത്രം പങ്കുവെച്ച ഫ്ലെക്സ് ബോർഡുകൾ
സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പിണറായി അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കുമിടെ കോട്ടയത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രം പങ്കുവെച്ച് ഫ്ലെക്സ് ബോർഡുകൾ.
'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല’ എന്നായിരുന്നു ഫ്ലെക്സ് ബോർഡിലെ പരാമര്‍ശനം.
‘ഒന്നും മറന്നിട്ടില്ല വിജയ എന്നും’, ‘ഞങ്ങളുടെ സാറിനോട് ചെയ്തതൊന്നും മറക്കാനാവില്ല ഞങ്ങൾക്ക്’ എന്നും ഫ്ലെക്സ് ബോർഡിൽ പരാമർശിച്ചിട്ടുണ്ട്.
കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് കോട്ടയത്തെ ഗാന്ധി പ്രതിമയ്ക്ക് സമീപം ബോർഡ് പ്രത്യക്ഷപ്പെട്ടത്.
കോട്ടയം പ്രസ്സ് ക്ലബ്ബിന്റെ മുമ്പിലടക്കം പലയിടങ്ങളിലും ഇത്തരത്തിൽ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം, മാസപ്പടി കേസുമായി ബന്ധപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ച പിണറായി അനുകൂല നിലപാടിനെ ചൊല്ലി കോൺഗ്രസിനുള്ളിൽ അതൃപ്തി പുകയുകയാണ്
സര്‍ക്കാര്‍ നിലപാടിനെതിരെ ആദ്യം വിമർശനവുമായി രംഗത്തെത്തിയത് മാത്യു കുഴൽ നാടനായിരുന്നു.
പിന്നാലെ കോൺഗ്രസ് നേതാവ് ജിന്റോ ജോണും വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ഉമ്മൻ ചാണ്ടിയെ ബലാത്സംഗക്കേസിൽപ്പെടുത്തിയ ആളാണ് പിണറായിയെന്നും അക്കാര്യം മറക്കണോയെന്നും മാത്യു കുഴൽനാടൻ ഇന്നലെയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചോദിച്ചു.
ഉമ്മൻ ചാണ്ടിക്ക് നീതി കൊടുത്തിട്ടില്ലെന്നും, എന്നാൽ അത് പറഞ്ഞ് മറ്റൊരാളെ വേട്ടയാടുന്നത് കോണ്‍ഗ്രസ് ശൈലി അല്ലെന്നുമാണ് വിഷയത്തിൽ ചാണ്ടി ഉമ്മൻ പ്രതികരിച്ചത്.