എംഎല്‍എമാരുടെ ശമ്പളം വർധിപ്പിക്കുന്നതില്‍ അതിവേഗ നീക്കവുമായി സർക്കാർ. പ്രതിപക്ഷവും ഇക്കാര്യത്തില്‍ സര്‍ക്കാരിനൊപ്പമാണ്, എംഎല്‍എമാരുടെ നിലവിലെ ശമ്പളം അറിയാം.


ശമ്പളം എന്ന പേരില്‍ നിലവില്‍ ഒരു ജനപ്രതിനിധിയ്ക്ക് ലഭിക്കുന്ന ഫിക്സഡ് അലവൻസ് 2000 രൂപയാണ്. ഇതിനോടൊപ്പം മണ്ഡല അലവൻസായി 25,000 രൂപ ഫോണ്‍ വാടക 11,000 രൂപ, ഇൻഫർമേഷൻ അലവൻസ് 4,000 രൂപ, സത്കാരത്തിനുളള അലവൻസ് 8,000 രൂപ, യാത്രാബത്ത 25,000 രൂപ എന്നിങ്ങനെ ലഭിക്കും.

അങ്ങനെ ആകെ അലവൻസുകള്‍ കൂട്ടി വരുമ്പോള്‍ പ്രതിമാസം എംഎല്‍യ്ക്ക് കിട്ടുന്ന അലവൻസ് 70,000 രൂപയാണ്. ഇത് കൂടാതെ എംഎല്‍എമാർക്ക് ടിഎയും ഡിഎയും ലഭിക്കും. റോഡ് യാത്രയ്ക്ക് കിലോമീറ്ററിന് 10 രൂപയാണ് കിട്ടുക. ഇന്ധനം നിറയ്ക്കാനും ട്രെയിൻ യാത്രക്കും പ്രതിവർഷം നാല് ലക്ഷം രൂപയുണ്ട്. വിമാനയാത്രാക്കൂലിയായി 50,000 രൂപയുമാണ് കിട്ടുക. പുസ്തകം വാങ്ങാനും അലവൻസ് ലഭിക്കും. പ്രതിവർഷം ഇതിനായി 15,000 രൂപ ഒരു എംഎല്‍എമാർക്ക് നല്‍കുന്നുണ്ട്.

കൂടാതെ അണ്ടർ സെക്രട്ടറി റാങ്ക് വരെയുള്ള ഒരു ഉദ്യോഗസ്ഥന്‍റെ സേവനം എംഎല്‍എയ്ക്ക് ലഭ്യമാകും. 20000 രൂപ സ്റ്റാഫ് അലവൻസാണ് ഇതിന് അനുവദിക്കുന്നത്. ദൂരപരിധിയില്ലാതെ റോഡ്, റെയില്‍ യാത്രകള്‍, ട്രെയിനില്‍ ഫസ്റ്റ് ക്ലാസ് എസി ടിക്കറ്റ് എന്നിങ്ങനെ മറ്റ് ആനുകൂല്യങ്ങളുമുണ്ട്. ഇന്ധനം നിറയ്ക്കാനും ട്രെയിൻ യാത്രാ കൂപ്പണ്‍ ഇനത്തിലുമായി പ്രതിവർഷം നാല് ലക്ഷം രൂപ വരെയാണ് അനുവദിക്കുക. ചികിത്സാച്ചെലവും മുഴുവനായി അനുവദിക്കും.

പലിശരഹിത വായ്പയും പുസ്തക അലവൻസുമെല്ലാം വേറെയാണ്. സഭാ സമ്മേളനത്തിനെത്തിയാല്‍ ആയിരം രൂപ പ്രതിദിന അലവൻസുണ്ട്. നിയമസഭാ സാമാജികർക്ക് പെൻഷനുമുണ്ട്. അഞ്ച് വർഷം കാലാവധി തികച്ച ഒരംഗത്തിന് പ്രതിമാസം 20,000 രൂപയാണ് പെൻഷൻ. ഇപ്പോഴുള്ള ആനുകൂല്യങ്ങള്‍ 35 ശതമാനം വരെ വർധിപ്പിക്കാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Previous Post Next Post