കോട്ടയം പാമ്പാടിയില്‍ വിദ്യാര്‍ഥിനികള്‍ വാഹനപകടത്തില്‍ മരിച്ച സംഭവം; വാഹന യാത്രക്ക് തടസമുണ്ടാകും വിധം റോഡിലേക്ക് കയറി നിന്ന് സംസാരിച്ച രണ്ട് പേര്‍ക്ക് എതിരെയും അന്വേഷണം
കോട്ടയത്ത് പാമ്പാടിയില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടു വിദ്യാര്‍ഥിനികള്‍ മരിച്ച സംഭവത്തില്‍, ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തതിന് പുറമെ വാഹന യാത്രക്ക് തടസമുണ്ടാകും വിധം റോഡില്‍ കയറി നിന്ന് അപകടകരമായ രീതിയില്‍ സംസാരിച്ച രണ്ടു പേര്‍ക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവര്‍ റോഡില്‍ ടാറിംങിൽ കയറി നിന്ന് സംസാരിച്ചത് അപകടത്തിന് കാരണമായതായി കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് കൃപ മെറിന്‍ കുര്യാക്കോസ് (25), ആഷ്‌ലി ആന്‍ തോമസ് (മാളു - 25) എന്നിവര്‍ വാഹനാപകടത്തിൽ മരിച്ചത്.
സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടയില്‍ ഇവരുടെ മുന്നില്‍ പോവുകയായിരുന്ന കാര്‍, റോഡില്‍ നില്‍ക്കുന്നവരെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്കിട്ടു. ഇതിനെത്തുടര്‍ന്ന് പിന്നിലെത്തിയ വിദ്യാര്‍ഥിനികൾ സഞ്ചരിച്ച സ്‌കൂട്ടറും ബ്രേക്കിട്ടെങ്കിലും നിയന്ത്രണം വിട്ട് മറിഞ്ഞ് എതിർ ദിശയിൽ വരികയായിരുന്ന സ്വകാര്യ ബസിന്റെ അടിയിലേക്ക് വീഴുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ സ്വകാര്യ ബസ് അമിതവേഗതയിലാണ് സഞ്ചരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
നിലവില്‍ ബസ് ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. അതേസമയം, റോഡില്‍ കയറിനിന്ന് സംസാരിച്ചവരെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.