ശബരിമലയില്‍ വ്യാപകമായി വ്യാജ ഹെല്‍ത്ത് കാർഡുകള്‍ നല്‍കുന്ന ലാബ് മാഫിയയെ ആരോഗ്യവകുപ്പ് പിടികൂടി.
പരിശോധനകള്‍ ഒന്നും നടത്താതെ പണം വാങ്ങിയാണ് പത്തനംതിട്ട സീതത്തോട് അമ്മ ക്ലിനിക്ക് എന്ന സ്ഥാപനം ഹോട്ടല്‍ ജീവനക്കാർക്ക് വ്യാജ കാർഡുകള്‍ നല്‍കിയത്. ഹോട്ടല്‍ നടത്തിപ്പുകാരുടെ വേഷത്തില്‍ എത്തിയാണ് തട്ടിപ്പ് സംഘത്തെ ഹെല്‍ത്ത് ഇൻസ്‌പെക്ടർ അടങ്ങുന്ന ആരോഗ്യ വകുപ്പ് സ്ക്വാഡ് പിടികൂടിയത്.
വമ്പൻ തട്ടിപ്പാണ് സീതത്തോട് അമ്മ ക്ലിനിക്കില്‍ നടന്ന് വന്നത്. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഹോട്ടല്‍ ജീവനക്കാർക്ക് ഹെല്‍ത്ത് കാർഡ് നിർബന്ധമാണ്. വിവിധ പരിശോധനകള്‍ നടത്തി, ടൈഫോയിഡ് വാക്സിൻ എടുത്തു എന്ന് ഉറപ്പാക്കി വേണം അംഗീകൃത ഡോക്ടർമാർ കാർഡുകള്‍ നല്‍കാൻ. എന്നാല്‍ സീതതോട്ടിലെ ഈ ക്ലിനിക്കില്‍ എത്തി പണം നല്‍കിയാല്‍ കാർഡ് റെഡി. ആളുകളെ നേരില്‍ കാണണ്ട, പരിശോധനയും ആവശ്യമില്ല. ശബരിമലയില്‍ ഒരു ഹോട്ടലില്‍ കുറഞ്ഞത് 30 ജീവനക്കാരെങ്കിലും കാണും. ഹോട്ടല്‍ നടത്തിപ്പുകാരൻ സീസണ്‍ തുടങ്ങു മുൻപ് ഈ ജീവനക്കാരെ എല്ലാം അംഗീകൃത ലാബുകളില്‍ എത്തിച്ച പരിശോധന നടത്തി വേണം ഹെല്‍ത്ത് കാർഡുകള്‍ സംഘടിപ്പിക്കാൻ. അത് ഒഴിവാക്കാൻ. പണം നല്‍കിയാല്‍ എളുപ്പവഴിയില്‍ വ്യാജ കാർഡുകള്‍ എന്നതാണ് ഓഫർ.
ആരോഗ്യവകുപ്പിന്റെ കെണിയിലേക്ക് ഈ തട്ടിപ്പ് സംഘം തന്നെ വന്ന് വീഴുകയായിരുന്നു. അമ്മ ക്ലിനിക്കിലെ ജീവനക്കാരിക്ക് നിലക്കലില്‍ ഹോട്ടല്‍ ന്റേത് എന്ന പേരില്‍ ഒരു ഫോണ്‍ നമ്പർ ലഭിച്ചു. ഹെല്‍ത്ത് കാർഡുകള്‍ പണം നല്‍കിയാല്‍ ലഭ്യമാക്കാം എന്ന പേരില്‍ അവർ ആ നമ്പറിലേക്ക് ബന്ധപ്പെട്ടു. എന്നാല്‍ അത് സന്നിധാനത്തെ ഹെല്‍ത്ത് ഇൻസ്പെക്ടറുടെ ആയിരുന്നു. ഹെല്‍ത്ത് ഇൻസ്പെക്ടർ പ്രദീപ് ബി പിള്ള തന്ത്രപരമായി ലാബുകാരെ കുടുക്കി.
ഹോട്ടലില്‍ നടത്തിപ്പുകാരുടെ വേഷത്തില്‍ ആരോഗ്യ വകുപ്പ് ജീവനക്കാർ സീതത്തോട്ടിലെ സ്ഥാപനത്തിലെത്തി പണം കൈമാറി. അടുത്ത ദിവസം തന്നെ വ്യാജകാർഡുകള്‍ റെഡിയാക്കി നല്‍കി. കയ്യോടെ തട്ടിപ്പ് സംഘത്തെ പിടികൂടുകയും ചെയ്തു. ആരോഗ്യവകുപ്പില്‍ നിന്ന് വിരമിച്ച ഡോ. വിൻസന്റ് സേവിയർ ആണ് ഈ വ്യാജ കാർഡുകള്‍ ഒപ്പിട്ടു നല്‍കിയിരിക്കുന്നത്. സ്ഥാപനത്തിനും ഡോക്ടർക്കും എതിരെ അടക്കം ശക്തമായ നടപടി ഉണ്ടാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു.