സര്‍ക്കാര്‍ അറിയാതെ ബാര്‍ ലൈസന്‍സ്; എറണാകുളം, കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍.


അനുമതിയില്ലാതെ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സംഭവത്തില്‍ എറണാകുളം, കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു.

എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ. സതീഷ്, കോട്ടയത്തിന്റെ ചുമതലയുള്ള പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഷിബു പി.എല്‍. എന്നിവരെയാണ് എക്‌സൈസ് മന്ത്രിയുടെ നിര്‍ദേശ പ്രകാരം സസ്‌പെന്‍ഡ് ചെയ്തത്. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

സര്‍ക്കാര്‍ അറിയാതെ ബാര്‍ ലൈസന്‍സ് നല്‍കിയതില്‍ എക്‌സൈസ് മന്ത്രി എം. ലിജുവിന് അതൃപ്തിയുണ്ടായിരുന്നു. മദ്യനയത്തിന് ശേഷം ബാര്‍ ലൈസന്‍സ് മതിയെന്നായിരുന്നു മന്ത്രിയുടെ നിര്‍ദേശം. ഇത് മറികടന്നാണ് മൂന്നു ബാറുകള്‍ക്ക് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ അനുമതി നല്‍കിയത്. അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒരു ബാറിനുമാണ് അനുമതി നല്‍കിയത്. സംഭവത്തില്‍ കമ്മീഷണറോട് മന്ത്രി അടിയന്തിര റിപ്പോര്‍ട്ട് തേടി.

എഫ്‌എല്‍ 11 ലൈസന്‍സ് ഉണ്ടായിരുന്ന ബിയര്‍ വൈന്‍ പാര്‍ലര്‍ ലൈസന്‍സ് പുതുക്കുന്നതിന്റെ മറവിലാണ് ബാര്‍ ലൈസന്‍സ് നല്‍കിയത്. മദ്യനയം പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ പുതിയ ബാര്‍ അനുവദിക്കണമെന്ന് യുഡിഎഫ് തീരുമാനിച്ചിട്ടില്ല.

Previous Post Next Post