നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തില് പ്രതികരണവുമായി പ്രതി സുഹൈല് സജീവിന്റെ മാതാവ് നൂഹാ സജീവ്. വിലപ്പെട്ട മൂന്ന് ജീവനുകളാണ് അപകടത്തില് നഷ്ടപ്പെട്ടതെന്നും മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാനാവില്ലെന്നും നൂഹാ സജീവ് പറഞ്ഞു.
ഒരു അമ്മ എന്ന നിലയിലും സംരംഭക എന്ന നിലയിലും ദുരന്തത്തില് മരിച്ചവരുടെ കുടുംബത്തോടുള്ള പിന്തുണ അറിയിക്കുന്നുവെന്നും ഫേസ്ബുക്കില് പങ്കുവെച്ച വീഡിയോയിലൂടെ അവർ വ്യക്തമാക്കി.
നൂഹാ സജീവ് പറഞ്ഞത്:
"എല്ലാവരോടും കുറച്ച് കാര്യങ്ങള് പറയാനുണ്ട്. കഴിഞ്ഞ ദിവസം നടന്ന അപകടത്തില് അമ്മയെന്ന നിലയിലും സ്ത്രീ എന്ന നിലയിലും എനിക്ക് പറയാനുള്ള കാര്യങ്ങള്ക്ക് വേണ്ടിയാണ് വീഡിയോ ചെയ്യുന്നത്. മൂന്ന് വിലപ്പെട്ട കുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടപ്പെട്ടത്. അനുശോചനം അറിയിക്കുന്നു. അവരുടെ വീട്ടിലെ തീരാദുഃഖം… എനിക്കറിയാം… മക്കളെ സ്നേഹത്തോടെ വളർത്തി വലുതാക്കി, അവരുടെ സ്വപ്നങ്ങളുമായി മുന്നോട്ട് പോകുമ്പോള് ഇടയ്ക്കുവെച്ച് അവരെ നഷ്ടപ്പെടുന്ന വേദന ചിന്തിക്കാൻ കഴിയുന്നതിനുമപ്പുറമാണ്. എന്റെ വാക്കുകള് കൊണ്ട് അവരുടെ മരണം വരെയുള്ള ദുഃഖത്തിന് ഒരു കുറവാകില്ല എന്ന് അറിയാം. എങ്കിലും കുഞ്ഞുങ്ങളോടുള്ള അനുശോചനം രേഖപ്പെടുത്തുന്നു.
അപകടത്തിനോടനുബന്ധിച്ച സംഭവങ്ങള്, അതിനോടനുബന്ധിച്ച ആളുകള് അന്വേഷിക്കട്ടെ. നിയമം നിയമപരമായി മുന്നോട്ട് പോകട്ടെ. എല്ലാം സത്യസന്ധമായിമാത്രം നടക്കട്ടെ. സത്യമായ വാർത്തമാത്രം പുറത്തുവരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
സോഷ്യല് മീഡിയയില് ഈ ഒരു കാര്യം ഒരുപാട് ചർച്ച ചെയ്യപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. ഞങ്ങളോട് ദേഷ്യവും വിദ്വേഷവും തോന്നുമെന്നറിയാം. ഇത്രയും ദുഷ്കരമായ അവസ്ഥയില് കുറച്ച് സ്വകാര്യത എനിക്കും എന്റെ കുടുംബത്തിനും നല്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. നാലുപേരടങ്ങുന്ന കുടുംബമാണ് എന്റേത്. സാധാരണ മനുഷ്യരാണ്.
പല കാര്യങ്ങളും ചർച്ച ചെയ്യപ്പെടുമ്പോഴും അടിസ്ഥാനരഹിതമായ വാർത്തകള് പ്രചരിക്കുമ്പോഴും ഞങ്ങള് മനുഷ്യരാണ്, ഞാൻ അമ്മയാണ് എന്ന കാര്യം പരിഗണിക്കണം. എന്റെ കുഞ്ഞിനെ ഓർത്തുള്ള ആശങ്ക ഒരു വശത്തുണ്ട്. അതേപോലെത്തന്നെ മൂന്ന് കുഞ്ഞുങ്ങള് നഷ്ടപ്പെട്ട വിഷമവും എനിക്കുണ്ട്. ഇതിന് രണ്ടിനും ഇടയിലൂടെയാണ് ഞാൻ പോകുന്നത്.