ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ വില്പന തുടങ്ങിയതില് എക്സൈസ് കമ്മീഷണർ സംബഷിവ റാവുവിനോട് അടിയന്തര റിപ്പോർട്ട് തേടി മന്ത്രി എം ലിജു.
വില്പനയെക്കുറിച്ച് സർക്കാർ അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. ബേക്കറികള്വഴി വില്പന നടത്തുന്നതിനുള്ള ലൈസൻസ് സർക്കാർ റദ്ദാക്കും. ഇതിനായി നിയമോപദേശം തേടാൻ നികുതിസെക്രട്ടറിക്ക് മന്ത്രി എം ലിജു നിർദേശം നല്കി.
ഉദ്യോഗസ്ഥതലത്തില് ഇത്തരത്തില് നയപരമായൊരു തീരുമാനം എടുക്കുമ്പോള് അത് സർക്കാരിനെ അറിയിക്കണമായിരുന്നെന്ന് മന്ത്രി വിമർശിച്ചു. മാദ്ധ്യമങ്ങളിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
ബേക്കറികളിലൂടെ ഹോർട്ടി വൈൻ വില്ക്കുന്ന കാര്യം മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അപ്പോള്തന്നെ അടിയന്തരമായി സംസ്ഥാന എക്സൈസ് കമ്മീഷണറോട് റിപ്പോർട്ട് തേടി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേരളത്തിലെ അബ്കാരി നിയമങ്ങളില് ഭേദഗതി വരുത്തി ഹോർട്ടിവൈൻസ് വില്പന നടത്തുന്നതിനുള്ള ചട്ടങ്ങളുള്പ്പെടെ രൂപീകരിച്ചിരുന്നു. എന്നാല് കടകളിലൂടെയും ബേക്കറികളിലൂടെ ഹോർട്ടി വൈൻ വില്ക്കുന്ന കാര്യത്തില് സർക്കാരിന് ആശങ്കയുണ്ട്. പുതിയ എക്സൈസ് കമ്മീഷണർ ചുമതലയേറ്റെടുത്ത് രണ്ട് ദിവസത്തിനകമാണ് ഈ ഓർഡർ വന്നത്. സാങ്കേതികമായി ആ ഫയല് മന്ത്രിയുടെ മുന്നില് വരണമെന്നില്ല. എന്നാല്, മന്ത്രിയെ ഉള്പ്പെടെ അറിയിച്ചിട്ടുവേണമായിരുന്നു ഇക്കാര്യത്തില് തീരുമാനമെടുക്കാൻ'- മന്ത്രി പ്രതികരിച്ചു.