മൈസൂരു ദസറ ജംബൂസവാരിയില്‍ കേരളത്തിന് ചരിത്രനേട്ടം; ആദ്യമായി നിശ്ചലദൃശ്യം അവതരിപ്പിച്ചു, വിശിഷ്ടാതിഥിയായി മുഖ്യമന്ത്രിയും.


കർണാടകയുടെ വിഖ്യാതമായ മൈസൂരു ദസറ ജംബൂസവാരിയില്‍ ആദ്യമായി കേരളത്തിന്റെ നിശ്ചലദൃശ്യം അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം, തനതായ കലാരൂപങ്ങള്‍, പ്രകൃതിസൗന്ദര്യം, സാംസ്കാരിക വൈവിധ്യം എന്നിവ പ്രതിഫലിപ്പിച്ച അവതരണം ഘോഷയാത്രയിലെ ശ്രദ്ധേയമായ സാന്നിധ്യമായി.

കർണാടക സർക്കാരിന്റെ ക്ഷണപ്രകാരമാണ് കേരളം ജംബൂസവാരിയില്‍ പങ്കെടുത്തത്. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ചടങ്ങിലെ വിശിഷ്ടാതിഥികളില്‍ ഒരാളായിരുന്നു. ഒക്ടോബർ 21ന് ഉച്ചയ്ക്ക് രണ്ടിന് മൈസൂരു കൊട്ടാരത്തില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര വൈകിട്ട് 6.45ന് ബന്നിമണ്ഡപില്‍ സമാപിച്ചു. 53 നിശ്ചലദൃശ്യങ്ങളും 50 കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി അണിനിരന്നു.

കേരള സർക്കാരിന്റെ നിർദേശപ്രകാരം സാംസ്കാരിക വകുപ്പാണ് നിശ്ചലദൃശ്യത്തിന്റെ രൂപകല്‍പ്പന, ഒരുക്കം, അവതരണം എന്നിവയുടെ ഏകോപനം നിർവഹിച്ചത്. കേരളത്തിന്റെ അനുഷ്ഠാനകലാ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന തെയ്യരൂപവും ശാസ്ത്രീയ കലാപാരമ്പര്യത്തിന്റെ പ്രതീകമായ കഥകളി രൂപവുമായിരുന്നു നിശ്ചലദൃശ്യത്തിന്റെ പ്രധാന ആകർഷണങ്ങള്‍. സംസ്ഥാനത്തിന്റെ ആഗോള സാംസ്കാരിക സ്വത്വത്തെ പ്രതീകവത്കരിക്കുന്ന പ്രകാശപൂരിതമായ ഭൂഗോളവും കേരളത്തിന്റെ പ്രകൃതിസവിശേഷതകള്‍ അവതരിപ്പിക്കുന്ന തെങ്ങുകളും ഹരിതാഭമായ ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തി.

Previous Post Next Post