ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് പത്രങ്ങളിലും മാട്രിമോണിയല്‍ വെബ്സൈറ്റുകളിലും വിവാഹപ്പരസ്യം നല്‍കി യുവതികളെ വലയിലാക്കി സ്വർണവും പണവും തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍.
വയനാട് മാനന്തവാടി ആന്തിക്കാംപൊയില്‍ ഭാഗത്ത് വെള്ളറ ചെന്നിക്കര വീട്ടില്‍ ബിജു ആന്റണി (45) ആണ് സുല്‍ത്താൻ ബത്തേരിയില്‍നിന്ന് പിടിയിലായത്. മാടയ്ക്കലിലെ ഒരു ക്വാർട്ടേഴ്സില്‍നിന്ന് പിടികൂടുമ്പോള്‍ ഇയാള്‍ക്കൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നതായാണ് വിവരം.
ചേർത്തല പട്ടണക്കാട് സ്വദേശിനി രമ്യയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച് ആറുവർഷത്തിനുശേഷമാണ് പ്രതിയെ പിടികൂടിയത്. 'സുരേഷ്' എന്ന വ്യാജപേരില്‍ രമ്യയെ പരിചയപ്പെട്ട ബിജു ആന്റണി 2020 മാർച്ചില്‍ വയലാർ കളവംകോടം ക്ഷേത്രത്തില്‍വെച്ച് ഇവരെ വിവാഹം കഴിക്കുകയായിരുന്നു. തുടർന്ന് വയലാറിലെ വാടകവീട്ടില്‍ ഇരുവരും ഭാര്യാഭർത്താക്കന്മാരായി താമസിച്ചു. ഹോട്ടല്‍ തുടങ്ങാനെന്ന പേരില്‍ രമ്യയുടെ അമ്മയില്‍നിന്ന് 30,000 രൂപ കൈക്കലാക്കിയ പ്രതി പിന്നീട് അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏഴ് പവനോളം വരുന്ന സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞു.