2025-26ലെ ജി.വി. രാജ അവാർഡുകള് പ്രഖ്യാപിച്ചു. മികച്ച കായിക താരങ്ങള്ക്കുള്ള പുരുസ്കാരങ്ങള്ക്ക് പുരുഷ വിഭാഗത്തില് എല്ദോസ് പോളും വനിതാ വിഭാഗത്തില് ട്രീസ ജോളിയും അർഹരായി.
മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് ജേതാക്കള്ക്ക്. 2022ലെ കോമണ്വെല്ത്ത് ഗെയിംസില് സ്വർണമെഡലും ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പില് ഫൈനലില് പ്രവേശിക്കുകയും കൂടാതെ ട്രിപ്പിള് ജംപില് ദേശീയ-അന്തർദേശീയ തലങ്ങളില് നേട്ടങ്ങള് കൈവരിക്കുകയും ചെയ്തതിനാണ് എല്ദോസിന് പുരസ്കാരം. ബാഡ്മിന്റണില് ഏഷ്യൻ വനിതാ ടീം ചാന്പ്യൻഷിപ്പ് സ്വർണം, കോമണ്വെല്ത്ത് ഗെയിംസ് ടീം വെള്ളിയും വനിതാ ഡബിള്സില് വെങ്കലവും നേടിയതാണ് ട്രീസ ജോളിയെ പുരസ്കാരത്തിലെത്തിച്ചത്.
ഒളിന്പ്യൻ സുരേഷ് ബാബു മെമ്മോറിയല് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഡോ. പി. ടി. ജോസഫ് നേടി രണ്ടു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് ജേതാവിനു നല്കുന്നത്.
മികച്ച കായിക പരിശീലകനായി അനൂപ് ജോസഫിനെയും മികച്ച കായിക അധ്യാപകനായി (കോളജ് വിഭാഗം) ഡോ. സദാനന്ദൻ സി. എസിനെയും തെരഞ്ഞെടുത്തു.
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിനാണ് മികച്ച കോളേജിനുള്ള പുരസ്കാരം. മികച്ച സ്പോർട്സ് ഹോസ്റ്റല് കായികതാരം പുരുഷ വിഭാഗത്തില് എഡ്വിൻ പോള് സിബിയും വനിതാ വിഭാഗത്തില് പി. അനാമികയും അർഹരായി. പാരാ കായികരംഗത്തെ സംഭാവനകള്ക്ക് ജോബി മാത്യുവിനെയും ഫുട്ബോള് രംഗത്തെ ദീർഘകാല സേവനങ്ങള്ക്കായി വിക്ടർ മഞ്ഞിലയെയും അവാർഡ് കമ്മിറ്റി പ്രത്യേകമായി പരാമർശിച്ചു.