മുംബൈയില്‍ സി.ജെ.പിയുടെ ജയില്‍ നിറയ്‌ക്കല്‍ സമരം.

മുഖ്യതെരഞ്ഞെടുപ്പ്‌ കമ്മിഷനര്‍ ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ടു മുംബൈയില്‍ 'ജയില്‍ ഭരോ ആന്ദോളന്‍' (ജയില്‍ നിറയ്‌ക്കല്‍ സമരം) നയിച്ച്‌ കോക്രോച്ച്‌ ജനത പാര്‍ട്ടി (സി.ജെ.പി).ശിവാജി പാര്‍ക്കില്‍ സമരത്തിനു പോലീസ്‌ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന്‌ ലോറിയില്‍ താല്‍ക്കാലിക വേദി നിര്‍മിച്ചാണ്‌ പ്രതിഷേധം. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാനും 'ലോറി വേദി'യാണ്‌ സി.ജെ.പി. നേതാവ്‌ അഭിജീത്‌ ദിപ്‌കെ തെരഞ്ഞെടുത്തത്‌. വിവിധ സംസ്‌ഥാനങ്ങളില്‍നിന്നു വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിനായി മുംബൈയില്‍ എത്തിയിട്ടുണ്ട്‌.
ഗ്യാനേഷ്‌ കുമാര്‍ രാജിവയ്‌ക്കുംവരെ പ്രതിഷേധം തുടരാനാണ്‌ സി.ജെ.പി. നീക്കം. ഗ്യാനേഷ്‌ കുമാറിനെതിരെ സിനിമ സംഭാഷണങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. എസ്‌.എഫ്‌.ഐ പ്രവര്‍ത്തകരും വിവിധ സംഘടനകളിലെ യുവാക്കളും മുംബൈയില്‍ സി.ജെ.പി സമര സ്‌ഥലത്തു തടിച്ചുകൂടിയിട്ടുണ്ട്‌. മുംബൈ, ഗോവ, കൊല്‍ക്കത്ത, ബംഗളുരു എന്നിവിടങ്ങളില്‍ സമരം നടത്തി ഈ മാസം അവസാനത്തോടെ രാജ്യതലസ്‌ഥാനത്തു പ്രതിഷേധിക്കാനാണ്‌ സി.ജെ.പി ലക്ഷ്യമിടുന്നത്‌. മുംബൈയിലെ സമരത്തില്‍ ശിവസേന ഉദ്ധവ്‌ വിഭാഗവും രാജ്‌ താക്കറെയുടെ മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേനയും സി.ജെ.പിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. പ്രതിഷേധത്തിന്‌ മുംബൈ പോലീസ്‌ അനുമതി നിഷേധിച്ചതായി ദിപ്‌കെ നേരത്തെ വ്യക്‌തമാക്കിയിരുന്നു. തുടര്‍ന്ന്‌, ഗാന്ധി ജയന്തി ദിനത്തില്‍ സംഘടന 'ജയില്‍ ഭരോ ആന്ദോളന്‍' ആരംഭിക്കുമെന്ന്‌ അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. 2013-ലെ ബോംബെ ഹൈക്കോടതി ഉത്തരവ്‌ പ്രകാരം ശിവാജി പാര്‍ക്കില്‍ ഒത്തുചേരുന്നതിന്‌ അനുമതി നല്‍കാന്‍ തങ്ങള്‍ക്ക്‌ അധികാരമില്ലെന്ന്‌ മുംബൈ പോലീസ്‌ വ്യക്‌തമാക്കി. ഈ പ്രദേശം ഒരു 'നിശബ്‌ദ മേഖല' ആണെന്നും പോലീസ്‌ അറിയിച്ചു.
Previous Post Next Post