വിമാന ടിക്കറ്റ് പൊള്ളും; ഇന്ധന നിരക്ക് വര്‍ധിപ്പിച്ച്‌ ഇന്‍ഡിഗോ, ഗള്‍ഫിലേക്ക് 5500 രൂപ, യൂറോപ്പിലേക്ക് 10000.

വിമാന ഇന്ധന നിരക്ക് കുത്തനെ വര്‍ധിപ്പിച്ച്‌ ഇന്‍ഡിഗോ. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കും വ്യത്യസ്തമായ നിരക്കിലാണ് വര്‍ധന.വിമാന ടിക്കറ്റ് നിരക്ക് വര്‍ധിക്കാന്‍ ഇത് കാരണമാകും. ഒക്ടോബര്‍ ആറ് മുതലാണ് പുതിയ നിരക്ക് ഈടാക്കുക. വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ (എടിഎഫ്) വില കൂടിയതിനാലാണ് ഇന്‍ഡിഗോയുടെ നടപടി.മറ്റു വിമാന കമ്പനികളും ഇന്‍ഡിഗോയുടെ പാത പിന്തുടര്‍ന്നേക്കും. ഇതോടെ മൊത്തം വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് ഉയരും. എടിഎഫിന്റെ പ്രതിമാസ വര്‍ധനവ് 14 ശതമാനമായി ഉയര്‍ന്ന സാഹചര്യത്തിലാണ് കടുത്ത നടപടി സ്വീകരിക്കുന്നത് എന്ന് കമ്പനി അറിയിക്കുന്നു. വിമാന യാത്രയുടെ 40 ശതമാനം ചെലവ് ഇന്ധനത്തിനാണ്. അതുകൊണ്ടുതന്നെ ഇന്ധന വില വര്‍ധിപ്പിച്ചാല്‍ സ്വാഭാവികമായും ടിക്കറ്റ് നിരക്ക് ഉയരും.

ആഭ്യന്തര വിമാന ഇന്ധന വില വര്‍ധിപ്പിച്ചത് ദൂരപരിധിയുടെ അടിസ്ഥാനത്തിലാണ്. 500 കിലോമീറ്റര്‍ വരെയുള്ള യാത്രക്കാര്‍ 375 രൂപ ഇന്ധന നിരക്കായി നല്‍കേണ്ടി വരും. 1000 കിലോമീറ്റര്‍ വരെയുള്ള യാത്രക്കാരുടെ ഇന്ധന നിരക്ക് 600 രൂപയാകും. 1500 കിലോമീറ്റര്‍ വരെയുള്ള യാത്രക്കാരുടെ ഇന്ധന നിരക്ക് 900 രൂപയാകും. 2000 കിലോമീറ്റര്‍ വരെയുള്ള യാത്രക്കാരുടെ ഇന്ധന നിരക്ക് 1300 രൂപയാകും.അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ ഇന്ധന നിരക്കിലും മാറ്റം വരുത്തി. 500 കിലോമീറ്റര്‍ വരെ ദൂരമുള്ള സാര്‍ക്ക് രാജ്യങ്ങളിലേക്ക് 1000 രൂപയാകും ഇന്ധന നിരക്ക്. ഇതിന് മുകളിലുള്ള ദൂരത്തില്‍ 3000 രൂപയാകും. തെക്ക് കിഴക്കന്‍ ഏഷ്യ, ജിസിസി, പശ്ചിമേഷ്യ എന്നീ മേഖലയിലേക്കുള്ള യാത്രക്കാര്‍ക്ക് ഇന്ധന നിരക്ക് 5500 രൂപയായി ഉയര്‍ത്തി. ആഫ്രിക്കയിലേക്ക് 6000 രൂപയും യൂറോപ്പിലേക്ക് 10000 രൂപയുമാക്കി.

എടിഎഫ് വില ജൂണില്‍ ലിറ്ററിന് 115 രൂപയായിരുന്നു. ജൂലൈയില്‍ 110 രൂപയായി കുറഞ്ഞു. ഓഗസ്റ്റില്‍ വില വീണ്ടും 115 രൂപയായി. സെപ്തംബറില്‍ 121 ആയി. ഒക്ടോബറില്‍ 137 ആയി ഉയര്‍ന്നു. തുടര്‍ച്ചയായി ഇന്ധന വില ഉയരുന്ന സാഹചര്യത്തിലാണ് ഇന്‍ഡിഗോ യാത്രക്കാരില്‍ നിന്ന് ഈടാക്കുന്ന ഇന്ധന ചാര്‍ജ് വര്‍ധിപ്പിച്ചത്. ആനുപാതികമായ നിരക്ക് വര്‍ധന ടിക്കറ്റിലും കാണും. അതായത്, യാത്രക്കാര്‍ക്ക് ഇന്ന് നല്‍കിയ ടിക്കറ്റ് നിരക്ക് ആകില്ല നാളെ മുതല്‍.
Previous Post Next Post