മൂട്ടയുടെ കടിയേറ്റ കുടുംബത്തിന് 30,000 രൂപ നഷ്ടപരിഹാരം നല്‍കാൻ കാസർകോട് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ ഉത്തരവ്.
കാസർഗോഡ് ചെറുവത്തൂർ സ്വദേശിയും റിട്ട. അദ്ധ്യാപകനുമായ വാസുദേവൻ കേണുരായർ നല്‍കിയ പരാതിയിലാണ് നടപടി. 15,000 രൂപ നഷ്ടപരിഹാരമായും 10,000 രൂപ ചികിത്സാച്ചെലവായും 5,000 രൂപ കോടതി ചെലവായും നല്‍കാനാണ് കമ്മീഷൻ നിർദേശിച്ചത്.
തിരുവനന്തപുരത്ത് ക്ഷേത്രദർശനത്തിനായി എത്തിയപ്പോഴാണ് സംഭവം. തിരുവനന്തപുരത്തുള്ള പ്രമുഖ ഹോട്ടലിനെതിരെയാണ് പരാതി. പരാതിക്കാരനായ വാസുദേവൻ മാഷിനും കുടുംബത്തിനുമാണ് മൂട്ടയുടെ കടിയേറ്റത്. കുടുംബം കോടതിയെ സമീപിച്ച് രണ്ട് വർഷക്കാലത്തെ നിയമനടപടികള്‍ക്കൊടുവിലാണ് അനുകൂല വിധി വന്നത്.
2024 ഓഗസ്റ്റ് 26-നാണ് വാസുദേവനും കുടുംബവും പത്മനാഭസ്വാമി ക്ഷേത്രദർശനത്തിനും ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനുമായി തിരുവനന്തപുരത്തെ ഹോട്ടലിലെത്തിയത്. 3,500 രൂപ വാടകയുള്ള എസി ഡബിള്‍ മുറിയായിരുന്നു ബുക്ക് ചെയ്തത്. ദീർഘയാത്രയുടെ ക്ഷീണവുമായി എത്തിയ കുടുംബത്തിന് മുറിയിലെ മൂട്ടശല്യം കാരണം രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. ഒപ്പമുണ്ടായിരുന്ന കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവർക്ക് മൂട്ടയുടെ കടിയേറ്റ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചുവന്ന പാടുകളും ചൊറിച്ചിലും അനുഭവപ്പെട്ടു.
വിവരം ഹോട്ടല്‍ റിസപ്ഷനില്‍ അറിയിച്ചെങ്കിലും കുടുംബത്തിന് ആശ്വാസമായില്ലെന്നാണ് പരാതി. പിറ്റേദിവസം തിരുവനന്തപുരത്തെ ആൻഡിയല്‍ ആശുപത്രിയിലെത്തി ചികിത്സ തേടി. തുടർന്ന് നാട്ടില്‍ തിരിച്ചെത്തിയ വാസുദേവൻ ഹൊസ്ദുർഗ് ബാർ അസോസിയേഷനിലെ അഭിഭാഷകൻ എ. രാധാകൃഷ്ണൻ മുഖേന കാസർകോട് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.
ജീവനക്കാർ താമശയായാണ് പ്രതികരിച്ചതെന്ന് വാസുദേവൻ പറയുന്നു. ഹോട്ടല്‍ മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റം നിയമ നടപടിയുമായി മുന്നോട്ടുപോകാൻ കുടുംബത്തെ പ്രേരിപ്പിക്കുകയായിരുന്നു.