20 വര്‍ഷം മുമ്പുള്ള കേസില്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കം; നിര്‍ദേശം നല്‍കി മന്ത്രി രമേശ് ചെന്നിത്തല.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിടാന്‍ നിര്‍ദേശം നല്‍കി.സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ആയിരിക്കെ നടന്ന കെഎസ്ടിപി അഴിമതിയിലാണ് അന്വേഷണം നടത്തുക. കൂടാതെ, കരാര്‍ ഏറ്റെടുത്ത പതിബെല്‍ കമ്പനി എഞ്ചിനീയറുടെ ആത്മഹത്യയിലും അന്വേഷണം പ്രഖ്യാപിച്ചു. എഞ്ചിനീയറുടെ ആത്മഹത്യാ കുറിപ്പിലുള്ള പരാമര്‍ശമാണ് ഗ്യാനേഷ്‌കുമാറിന് കുരുക്കായത്. കോണ്‍ഗ്രസിന്റ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് 20 വര്‍ഷം മുന്‍പുള്ള സംഭവത്തിലെ അന്വേഷണം.കോണ്‍ഗ്രസ് നേതാവ് മലയിന്‍കീഴ് വേണുഗോപാലിന്റെ പരാതിയിലാണ് ആഭ്യന്തര വകുപ്പിന്റെ നടപടി.
തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ ഗ്യാനേഷിനെതിരെയുള്ള ദേശീയ തലത്തിലെ പ്രതിഷേധത്തിനിടെയാണ് പുതിയ നീക്കം. വര്‍ഷങ്ങള്‍ക്ക് മുമ്പ് തീര്‍പ്പാക്കിയ ഫയല്‍ ആണ് വീണ്ടും തുറക്കുന്നത്. രാഹുല്‍ഗാന്ധിയുടെ വാര്‍ത്താസമ്മേളനത്തിന് മുമ്പ് രമേശ് ചെന്നിത്തല കേസ് വിവരങ്ങള്‍ പരിശോധിച്ചിരുന്നു. കെഎസ്ടിപി പദ്ധതിയിലെ അഴിമതി ആരോപണത്തില്‍ ഗ്യാനേഷ് കുമാറിനെ പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. മറ്റ് വലിയ നടപടികളിലേക്ക് ഒന്നും പോയിരുന്നില്ല. വിജിലന്‍സും ക്രൈംബ്രാഞ്ചും പ്രാഥമിക അന്വേഷണം നടത്തി ഗ്യാനേഷിനെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഇതിന് ശേഷമാണ് കേന്ദ്ര ഡെപ്യൂട്ടേഷന്‍ ലഭിക്കുന്നത്. 2007 ല്‍ നടന്ന അന്വേഷണം തൃപ്തികരമല്ലെന്ന പരാതിയിലാണ് കേസ് വീണ്ടും തുറക്കുന്നത്.
Previous Post Next Post