കൊല്ലപ്പെട്ട വിസ്മയയും ഭർത്താവ് വിജേഷും തമ്മിലുണ്ടായിരുന്ന കുടുംബ വഴക്കിനെ സംബന്ധിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. വിജേഷിന്റെ സംശയവും അതിനെത്തുടർന്ന് ഇരുവരും തമ്മിലുള്ള അകല്ച്ചയും വർദ്ധിച്ചതാണ് കൊലപാതക കാരണമെന്നാണ് പൊലീസ് അന്വേഷണത്തില് വ്യക്തമാകുന്നത്.
വിസ്മയയ്ക്ക് 18 വയസ്സുള്ളപ്പോഴാണ് ലോറി ഡ്രൈവറായ വിജേഷുമായുള്ള വിവാഹം നടന്നത്. വിജേഷിന് വിസ്മയയെക്കാള് 20 വയസ് കൂടുതലായിരുന്നു. പ്രായവ്യത്യാസത്തെത്തുടർന്നുള്ള പ്രശ്നങ്ങള് തുടക്കം മുതലേ ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കള് വെളിപ്പെടുത്തുന്നത്. വിവാഹത്തിനുശേഷം വിസ്മയ വിജേഷിന്റെ വീട്ടില് അധികനാള് താമസിച്ചിരുന്നില്ല. വലപ്പാട്ടെ സ്വന്തം വീട്ടില് അമ്മയ്ക്കും സഹോദരനുമൊപ്പമായിരുന്നു താമസം. വിജേഷ് ആഴ്ചയില് രണ്ടുദിവസം ഇവിടെ എത്തുകയായിരുന്നു പതിവ്.
ഇരുവരും തമ്മില് വഴക്ക് പതിവായതോടെ വിസ്മയ വിവാഹമോചനത്തെക്കുറിച്ച് വിജേഷുമായി സംസാരിച്ചിരുന്നു. എന്നാല് വൈകി വിവാഹം കഴിച്ചതിനാല് ബന്ധത്തില്നിന്ന് പിന്മാറാൻ തയ്യാറല്ലെന്നായിരുന്നു വിജേഷിന്റെ നിലപാട്. കൂടാതെ, ആംബുലൻസ് ഡ്രൈവറായ യുവാവുമായി വിസ്മയയ്ക്ക് സൗഹൃദം ഉണ്ടായിരുന്നതായും വിവരമുണ്ട്. രോഗിയായ അച്ഛനെ മെഡിക്കല് കോളജ് ആശുപത്രിയില് കൊണ്ടുപോകുന്നതിനിടെയാണ് ഇയാളെ വിസ്മയ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി. എന്നാല് രണ്ടാഴ്ച മുമ്പ് ഇയാളുടെ വിവാഹം കഴിഞ്ഞു. തുടർന്ന് വിസ്മയ മാനസിക വിഷമത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില് മാനസികാരോഗ്യ വിദഗ്ധനെ കണ്ട് വിസ്മയ ചികിത്സ തേടിയിരുന്നു. കൗണ്സിലിംഗ് ഉള്പ്പെടെയുള്ള സൗകര്യങ്ങള് ലഭിക്കുന്നതിനായി സ്ത്രീകളെ പാർപ്പിക്കുന്ന 'സഖി' കേന്ദ്രത്തിലേക്ക് മാറാൻ വിസ്മയയുടെ അമ്മയും സഹോദരനും ആവശ്യപ്പെട്ടിരുന്നു. സുഹൃത്തുമായുള്ള ബന്ധത്തില് വിസ്മയയുടെ സഹോദരനും അതൃപ്തിയുണ്ടായിരുന്നു.
പ്രശ്നങ്ങള് രൂക്ഷമായതോടെ കുടുംബങ്ങള് വലപ്പാട് പൊലീസ് സ്റ്റേഷനിലെത്തി വിസ്മയയെ 'സഖി' കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല് വിസ്മയ ഇതിനെ എതിർത്തതിനെ തുടന്ന് നിർബന്ധിച്ച് കേന്ദ്രത്തിലേക്ക് അയക്കാൻ പൊലീസിന് നിയമപരമായ തടസങ്ങളുണ്ടായിരുന്നു. പ്രശ്നങ്ങളില്ലാതെ സ്വന്തം വീട്ടില്ത്തന്നെ താമസിക്കാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പൊലീസ് സ്റ്റേഷനില്നിന്ന് മടങ്ങിയത്.
പൊലീസ് സ്റ്റേഷനില് നിന്നും വിജേഷും വിസ്മയയും വലപ്പാട്ടെ വീട്ടിലേക്കാണ് പോയത്. ഉറങ്ങാൻ മുറിയില് കയറുന്നതുവരെ ഇരുവരും തമ്മില് വഴക്കുണ്ടായിരുന്നില്ലെന്നും വിസ്മയയുടെ അമ്മ പൊലീസിനോട് പറഞ്ഞു. അർദ്ധരാത്രി കഴിഞ്ഞപ്പോഴാണ് മുറിയില് നിന്നും ബഹളം കേട്ടത്. അലമാരയില് സൂക്ഷിച്ചിരുന്ന മൂർച്ചയേറിയ ബ്ലേഡ് ഉപയോഗിച്ച് വിജേഷ് വിസ്മയയുടെയും മകൻ ദക്ഷിന്റെയും കഴുത്ത് മുറിക്കുകയായിരുന്നു.